തിരുവനന്തപുരം:ഉറവിട മാലിന്യ സംസ്‌കരണത്തിനായി നഗരസഭ ഏർപ്പെടുത്തിയ കിച്ചൺ ബിൻ പദ്ധതിയുടെ പരിപാലനത്തിന് ഹരിതകർമ്മ സേനയെ ഉൾപ്പെടുത്താൻ നഗരസഭ. പരിപാലനമില്ലാത്തതുമൂലം ഒരു വ‍ർഷമായി പ്രവർത്തനരഹിതമായിരുന്നു കിച്ചൺ ബിന്നുകൾ. ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഇതിനായി നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. ഇവർ ഏറ്റെടുക്കുന്നതോടെ നഗരത്തിലെ കിച്ചൺ ബിൻ പരിപാലനവും ഉറവിട മാലിന്യ സംസ്കരണവും മികച്ച രീതിയിൽ മുന്നോട്ട് പോകും.50,000 കിച്ചൺ ബിന്നുകളാണ് നഗരത്തിൽ ഇതുവരെ സ്ഥാപിച്ചത്.നിലവിൽ 5000 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.കിച്ചൺ ബിന്നിൽ ഉപയോഗിക്കുന്ന ഇനാക്കുലിൻ എന്ന വസ്തു കയർഫെഡിൽ നിന്ന് ലഭിക്കാത്തതും ഇവയുടെ പ്രവർത്തനം നിലയ്ക്കുന്നതിന് ഒരു കാരണമായി. ഇതെല്ലാം മറികടക്കാൻ ഹരിതകർമ്മ സേനയ്ക്ക് ആകുമെന്നാണ് വിലയിരുത്തുന്നത്. സേനാംഗങ്ങൾക്ക് യൂസർ ഫീസ് ഇനത്തിൽ പണം യഥാവിധി ലഭിച്ചില്ലെങ്കിൽ പരമാവധി 4500 രൂപ വരെ നഗരസഭ ഇവർക്ക് നൽകും.ഓരോ മാസവും ഇവർ പരമാവധി 6000 രൂപയെങ്കിലും സമാഹരിച്ചാൽ മാത്രമേ 4500 രൂപ ഇവർക്ക് ലഭിക്കൂ.


ഹരിത കർമ്മ സേന

അജൈവ മാലിന്യ ശേഖരണത്തിനായി 100 വാർഡുകളിലും ഹരിത കർമ്മ സേനയെ സജ്ജീകരിക്കും

നിലവിൽ 42 വാർഡുകളിലാണ് നിയോഗിച്ചിട്ടുള്ളത്

ഒരു വീട്ടിൽ നിന്ന് 100 രൂപയാണ് ഒരു മാസം യൂസർ ഫീസായി ഇവർക്ക് വീട്ടുകാർ നൽകേണ്ടത്

10 പേരടങ്ങുന്ന സംഘമാണ് ഓരോ വാർഡിലും മാലിന്യം ശേഖരിക്കുന്നത്

10500 രൂപയാണ് ഇവരുടെ മാസ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്


സ്വകാര്യ ഏജൻസികൾക്ക് മാനദണ്ഡം വരുന്നു

നഗരത്തിൽ മാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജൻസികൾക്ക് പുതിയ മാനദണ്ഡം വരുന്നു.പല സ്വകാര്യ ഏജൻസികളും വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് പൊതുയിടങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് പതിവാണ്.ഇത് ഒഴിവാക്കാനാണ് പുതിയ മാനദണ്ഡവുമായി നഗരസഭ രംഗത്തെത്തിയത്.നിലവിൽ 27 സ്വകാര്യ ഏജൻസികൾ നഗരസഭയിൽ മാലിന്യ ശേഖരണത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 12ന് താഴെ ഏജൻസികൾ മാത്രമേ പ്രവർ‌ത്തിക്കുന്നൂള്ളൂ.

മാനദണ്ഡങ്ങൾ

ഏജൻസിയുടെ പേരുവിവരം രജിസ്റ്റർ ചെയ്യുന്നതോടൊപ്പം ശേഖരിക്കുന്ന മാലിന്യം എന്ത് ചെയ്യുന്നുവെന്ന് നഗരസഭയിൽ അറിയിക്കണം

പ്രതിദിന മാലിന്യത്തിന്റെ ശരാശരി അളവ് രേഖപ്പെടുത്തണം

എത്ര രൂപയാണ് വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഈടാക്കുന്നതെന്ന് നഗരസഭയെ അറിയിക്കണം

ഏജൻസികൾ നഗരസഭയുമായി ചർച്ച നടത്തി വില ഏകീകരിച്ച് നൽകും.കൊള്ള വില വാങ്ങുന്നത് ഇതുമൂലം തടയാനാകും

ഓരോ ഏജൻസികൾക്കും മാലിന്യ ശേഖരണത്തിന് വാർഡുകൾ നിശ്ചയിച്ച് നൽകും.

ഏജൻസികളുടെ പ്രവർത്തനങ്ങൾ നഗരസഭ പ്രത്യേകം നിരീക്ഷിക്കും