മുടപുരം: കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിനും ഒമിക്രോൺ പ്രതിരോധത്തിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിന് കിഴുവിലം ഗ്രാമപഞ്ചായത്ത് യോഗം തീരുമാനിച്ചു. നിലവിലുള്ള സ്ഥിതി യോഗം വിലയിരുത്തി.
സർക്കാർ മാർഗ നിർദ്ദേശങ്ങൾ പഞ്ചായത്ത് പ്രദേശത്ത് കർശനമായി നടപ്പിലാക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും എല്ലാ പ്രദേശങ്ങളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നതിനും തീരുമാനിച്ചു.
വാർഡ് തലത്തിൽ ദ്രുതകർമ്മ സേനകൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹെല്പർമാർ, എ.ഡി.എസ് അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വായനശാലകൾ, ക്ലബുകൾ, രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ, റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കും.
പുനസംഘടിപ്പിക്കുന്ന 20 വാർഡ് തല ദ്രുത കർമ്മ സേനകളും 25ന് ചൊവ്വാഴ്ചയ്ക്കുള്ളിൽ യോഗം ചേർന്ന് വാർഡ് തല അവലോകനം നടത്തും. പഞ്ചായത്ത് തല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കടയറ ജയചന്ദ്രനേയും ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദിനെയും ചുമതലപ്പെടുത്തി.
അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും ഫ്യൂമിക്കേഷൻ നടത്തുന്നതിനും തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 2ന് ആരോഗ്യ വിഭാഗം ജീവനക്കാരുടെയും ആശാവർക്കർമാരുടെയും യോഗം കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേരും.കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തെ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറേയും ഒരു ഫർമസിസ്റ്റിനെയും രണ്ടു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും കൂടി താല്കാലികാടിസ്ഥാനത്തിൽ നിയമിക്കുകയോ നിയമിക്കാൻ പഞ്ചായത്തിന് അനുമതി നൽകുകയോ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരോട് അഭ്യർഥിക്കുന്നതിനും തീരുമാനിച്ചു.
എല്ലാ ആഴ്ചയിലും പഞ്ചായത്തു തല യോഗം ചേരുന്നതിനും സ്ഥിതി വിലയിരുത്തി ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളും.
കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ഡോ.മിനി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറിയും സെക്ടറൽ മജിസ്ട്രേറ്റുമായ സ്റ്റാർലി.ഒ.എസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബെൻസി ലാൽ, ജൂനിയർ സൂപ്രണ്ട് രവീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.