
കല്ലമ്പലം: ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല കടമ്പാട്ടുകോണം മിഥുൻ ഭവനിൽ അച്ചു എന്ന് വിളിക്കുന്ന മിഥുൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 30നാണ് പ്രതി പെൺകട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. 40 ഓളം കേസുകളിൽ പ്രതിയും കൊല്ലത്തെ സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് മിഥുൻ. പാരിപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രതിക്കെതിരെ പൊലീസ് ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി നാട് കടത്താനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. തമിഴ്‌നാട്ടിൽ പ്രതിക്കെതിരെ 14 മാലപൊട്ടിക്കൽ കേസുകളുണ്ട്. മിഥുനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാലപൊട്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം, മോഷണം, ഭവനഭേദനം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ആഡംബര ബൈക്കുകളിൽ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളെ നോക്കിവയ്ക്കുകയും തക്കം നോക്കി ഇവരെ അപായപ്പെടുത്തി മാല പിടിച്ചുപറിക്കുന്ന രീതിയാണ് പ്രതിയുടേത്. പ്രതിയെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ വി. ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 3ന് വെട്ടിയറയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് അന്വേഷണസംഘം മിഥുനിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.