
നെയ്യാറ്റിൻകര: വെൺപകൽ അരങ്ങൽ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനായി തടിയിൽ നിർമ്മിച്ച് വെള്ളിയിലും സ്വർണത്തിലും പൊതിഞ്ഞ് ഋഷഭ വാഹനം തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള വൃക്ഷ പൂജയും മരം മുറിക്കൽ ചടങ്ങും ആരംഭിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം തന്ത്രിയുടെയും, സഹതന്ത്രിയുടെയും നേതൃത്വത്തിൽ വൃക്ഷച്ചുവട്ടിലേക്ക് ആനയിച്ചു. തുടർന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് ഇല്ലം ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ വൃക്ഷപൂജയും മരം മുറിക്കാനുള്ള ആയുധപൂജയും നടത്തി.
ദേവസ്വം ബോർഡ് അംഗീകൃത സ്ഥപതി അഗ്നിശർമ്മൻ ഭട്ടതിരിപ്പാടിന്റെ നിർദ്ദേശങ്ങളനുസരിച്ച് ശില്പി ഹരി ചക്കുളത്തുകാവിന്റെയും തച്ചന്മാരുടെയും നേതൃത്വത്തിലാണ് മരം മുറിക്കൽ ചടങ്ങുകൾ ആരംഭിച്ചത്. എം. വിൻസെന്റ് എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ. വത്സലകുമാർ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, ഗ്രാമപഞ്ചായത്ത് മെമ്പർ ഊരുട്ടുകാല പി.എസ്. മുരളി, ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ വിവേക് പോറ്റി, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ. സനൽ കുമാർ, സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് പി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.