
ചിറയിൻകീഴ്: സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരെ കണ്ണൂരിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.
ചിറയിൻകീഴ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് 15 ഭാരവാഹികൾ പ്രതിഷേധവുമായി സ്റ്റേഷന് മുന്നിൽ എത്തിയത്. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുട്ടപ്പലം സജിത്ത് ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഇതുവരെ ലഭിക്കാതെ സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ, പദ്ധതി പ്രദേശമായ അഴൂർ അടക്കമുള്ള സ്ഥലങ്ങളിൽ ഇടുകയാണെങ്കിൽ യൂത്ത് കോൺഗ്രസ് പിഴുതെറിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സജിത്ത് പറഞ്ഞു. അസംബ്ലി വൈസ് പ്രസിഡന്റ് ആന്റണി ഫിനുവിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുഹൈൽ ഷാജഹാൻ, ബിനോയ് എസ്.ചന്ദ്രൻ, നേതാക്കളായ ഷമീർ കിഴുവിലം, അൻസിൽ അൻസാരി,കടയ്ക്കാവൂർ കൃഷ്ണകുമാർ, അജു കൊച്ചാലുംമൂട്, സുനിജോ സ്റ്റീഫൻസൻ, അമൽ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.