-kova

കോവളം: റോഡ് വികസനത്തിന്റെ പേരിൽ മുട്ടയ്ക്കാട് - ആഴാകുളം നിവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ശമനമില്ല. കോവളം - വിഴിഞ്ഞം റോഡിനെയും വെങ്ങാനൂർ പൂങ്കുളം റോഡിനെയും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന പ്രധാന റോഡാണ് റോഡ് വികസനത്തിന്റെ കുണ്ടും കുഴികളുമായി അനാഥമായി കിടക്കുന്നത്.

6 മാസം മുൻപ് ജല ജീവൻ പദ്ധതിക്കുവേണ്ടി ജല അതോറിട്ടി അധികൃതർ റോഡ് വെട്ടിപ്പൊളിച്ചു,​ എന്നാൽ റോഡ് പുനഃസ്ഥാപിച്ചില്ല. രണ്ട് കിലോമീറ്റർ വരുന്ന റോഡിൽ 17 കുഴികളാണ് നിലവിലുള്ളത്. റോഡിൽ പെെപ്പ് സ്ഥാപിക്കാൻ കുഴികൾ എടുത്തസ്ഥലത്തുനിന്നുള്ള മണ്ണും പൊടിയും പ്രദേശത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു. നടപടികൾ പൂർത്തിയാക്കി ഏറ്റെടുക്കുന്ന ഭാഗം നിർണയിച്ചു സർവേക്കല്ലുകൾ സ്ഥാപിക്കുകയും റവന്യു വിഭാഗത്തിന്റെ വിലനിർണയ നടപടികൾ അനുസരിച്ചു ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്നായിരുന്നു പ്രദേശവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. ആറു മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. കഴിഞ്ഞ വർഷം നടപ്പാക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ റോഡ് വികസനം ഇപ്പോഴും ഫയലിൽ തന്നെ വിശ്രമിക്കുന്നു.

വികസനം ഇഴഞ്ഞിഴഞ്ഞ്

വെള്ളായണി കായലിനെയും രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. 2018 ൽ കിഫ്ബിയുടെ സഹായത്താൽ ആഴാകുളം മുട്ടയ്ക്കാട് - പനങ്ങോട്, കാട്ടുകുളം - നെല്ലിവിള, തെറ്റിവിള എന്നിവ ചേർത്ത് 7 കിലോമീറ്റർ റോഡിനെ വീതി കൂട്ടി നവീകരിക്കുന്നതിന് 33 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് രൂപകല്പന, അവലോകന സർവേ ജോലികൾ എന്നിവ പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറിയെങ്കിലും ഫണ്ടിന്റെ ലഭ്യതയുടെ പേരിൽ വികസനം ഇഴയാൻതുടങ്ങി.

വെറുംവാക്കായി വികസനം

പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ സ്ഥലങ്ങളുടെ സർവേ നമ്പരുകൾ ശേഖരിച്ച് വെങ്ങാനൂർ, കല്ലിയൂർ വില്ലേജുകളിൽ നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും കഥ പഴയതു തന്നെയാണ്. സ്ഥലത്തിന്റെ ബ്ലോക്ക് തിരിച്ചുള്ള സ്കെച്ച് എടുത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന് വേണ്ടി ലാന്റ് അക്വിസിഷന് തഹസിൽദാരെ ഏല്പിക്കുമെന്നും അധികൃതർ പറഞ്ഞതും വെറും വാക്കായി. സർവ്വേ നമ്പരുകൾ ശേഖരിച്ച് റോഡിന്റെ അലൈന്റ്മെന്റ് നടപടികൾ പൂർത്തിയാക്കിയതല്ലാതെ യാതൊരു പുരോഗതിയുമില്ലാതെ നീളുകയാണ് റോഡിന്റെ വികസന പദ്ധതി.