തിരുവനന്തപുരം:കൊവിഡ് മൂന്നാം തരംഗം നേരിടാൻ കഴിയാതെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രശ്‌നങ്ങളും തലസ്ഥാന നഗരിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താളംതെറ്റിച്ചു. എത്രയും വേഗം ബദൽ സംവിധാനം ഒരുക്കാൻ ആരോഗ്യമന്ത്രി തയ്യാറാകണമെന്ന് ഹസ്സൻ ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് കൊവിഡ് അതിവേഗം വർദ്ധിക്കുകയാണ്. ജില്ലയിൽ ടി.പി.ആർ 46.68 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയാകെ ക്ലസ്റ്ററായി മാറുന്ന സാഹചര്യമാണുള്ളത്.പൊലീസ് സേനാംഗങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരും പകുതിയിലധികവും രോഗബാധിതരാണ്.ഭരണസ്തംഭനത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.സ്‌കൂളുകൾക്ക് പുറമെ കോളേജുകൾക്കും രണ്ടാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ഹസ്സൻ ആവശ്യപ്പെട്ടു.