കാട്ടാക്കട: അമ്പൂരിയിൽ കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പിലെ തർക്കം തമ്മിൽത്തല്ലിൽ കലാശിച്ചു. ഡിവൈ.എസ്.പി ഓഫീസിലെത്തിയ കോൺഗ്രസ് എം.എൽ.എ എം. വിൻസന്റിനോട് സംസാരിക്കാൻ കൂട്ടാക്കാതെ ഡിവൈ.എസ്.പി ഇറങ്ങിപ്പോയതിനെ തുടർന്ന് എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും മണിക്കൂറുകളോളം ഡിവൈ.എസ്.പി ഓഫീസ് ഉപരോധിച്ചു.
വർഷങ്ങളായി അമ്പൂരി പഞ്ചായത്ത് എ.ഡി.എസ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു വിജയം.എന്നാൽ ഇക്കുറി കോൺഗ്രസ് അട്ടിമറി വിജയം നേടി. ഇതോടെ വ്യാഴാഴ്ച ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാർഡ് കോൺഗ്രസ് മെമ്പർ ജയനെ വ്യാഴാഴ്ച രാത്രി ആക്രമിച്ച് വീട് അടിച്ചുതകർത്തു. തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് ആഹ്ളാദപ്രകടനം നടത്തിയതാണ് പ്രകോപനത്തിന് കാരണം. സി.പി.എം ഏരിയാകമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കോൺഗ്രസ് ആരോപിച്ചു.
സ്ഥലത്തെത്തിയ നെയ്യാർഡാം പൊലീസ് കോൺഗ്രസ് അംഗത്തെയും മറ്റുള്ളവരെയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്താമെന്നപേരിൽ ജീപ്പിൽ കയറ്റി കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. സി.പി.എം പ്രാദേശിക നേതാവായ മധുവിനെയും കുടുംബത്തെയും ആക്രമിക്കുകയും മധുവിന്റെ സഹോദരിയുടെ മാല പിടിച്ചു പറിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാരോപിച്ച് ഇവർക്കെതിരെ കേസെടുത്തു.എന്നാൽ കോൺഗ്രസ് വാർഡ് മെമ്പറുടെ വീട് ആക്രമിച്ചവർക്കെതിരെ കേസെടുത്തില്ല.
അറസ്റ്റിലായ ജയൻ എവിടെയാണെന്ന് വ്യക്തമാക്കാൻ പൊലീസ് കൂട്ടാക്കാത്തതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ എം.വിൻസന്റ് എം.എൽ.എ പ്രാദേശിക നേതാക്കളുമായി ഡിവൈ.എസ്.പി ഓഫീസിൽ അന്വേഷിക്കാനെത്തിയത്.
അരമണിക്കൂറോളം കാത്തിരുന്ന എം.എൽ.എയുടെ പരാതി കേൾക്കാനോ സംസാരിക്കാനോ ഡിവൈ.എസ്.പി തയ്യാറായില്ല.
പുറത്തേക്ക് പോകാനൊരുങ്ങിയ ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, എം.എൽ.എയുമായി സംസാരിച്ചെങ്കിലും കേസിന്റെ വിവരങ്ങൾ പറയാനോ പരാതികൾ കേൾക്കാനോ തയ്യാറാകാതെ അപമര്യാദയായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. തുടർന്ന് ഒന്നര മണിയോടെ എം.വിൻസന്റ് എം.എൽ.എ, കോൺഗ്രസ് നേതാക്കളായ എം.ആർ.ബൈജു,കാട്ടാക്കട സുബ്രഹ്മണ്യപിള്ള,വിജയചന്ദ്രൻ,തോമസ് മംഗലശ്ശേരി,കട്ടയ്ക്കോട് തങ്കച്ചൻ,അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലരാജ്,ശ്രീക്കുട്ടി സതീഷ്,പൊന്നെടുത്തകുഴി സത്യദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ സമരം തുടങ്ങി.
കൂടുതൽ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷാന്തരീക്ഷമായി. തുടർന്ന് കെ.പി.സി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സുബോധനൻ,ട്രഷറർ അഡ്വ.വി.പ്രതാപചന്ദ്രൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കോൺഗ്രസ് നേതാക്കളായ നെയ്യാറ്റിൻകര സനൽ,എ.കെ.ശശി,എൻ.ജയമോഹനൻ,ആർ.വി.രാജേഷ് എന്നിവർ എത്തിയതോടെ പ്രതിഷേധം ശക്തമായി.
തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി നേതാക്കളുമായി ചർച്ച നടത്തുകയും ഗ്രാമപഞ്ചായത്തംഗം ജയനെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാമെന്നും അറസ്റ്റിനെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. എങ്കിലും സമരക്കാർ ശാന്തരായില്ല. ഇതിനിടയിൽ അറസ്റ്റിലായ ജയൻ ഉൾപ്പെടെയുള്ളവരെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഡിവൈ.എസ്.പി ഓഫീസിന് മുന്നിലെ സമരം വൈകിട്ട് ആറോടെ അവസാനിപ്പിച്ചത്.
പൊലീസ് കൊടിച്ചിപ്പട്ടികളാകുന്നു: അഡ്വ.ജി.സുബോധൻ
കാട്ടാക്കട: പൊലീസ് പൊടിച്ചിപ്പട്ടികളാകുന്നുവെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. എം.വിൻസന്റ്.എം.എൽ.എയുടെ നേതൃത്വത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസ് ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാർഡ് മെമ്പർ ജയനെ ഗുണ്ടകൾ ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ വാർഡ് മെമ്പറെയും അഞ്ചോളം സുഹൃത്തുക്കളെയും അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
പഞ്ചായത്തിലെ എ.ഡി.എസ് തിരഞ്ഞടുപ്പിൽ സി.പി.എം പരാജയപ്പെട്ടതാണ് ഈ അക്രമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ ശിക്ഷിക്കുകയും ചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിക്കാൻ തയ്യാറാകണം.അല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം തയ്യാറാകുമെന്നും അഡ്വ.സുബോധൻ പറഞ്ഞു.