തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ശക്തമാക്കുന്ന സർക്കാർ നടപടികളിൽ കൈകോർത്ത് ലുലു മാളും.
മാളിൽ എത്തുന്നവർക്കായി ഡ്രൈവ് ഇൻ ആൻഡ് ഗെറ്റ് വാക്സഡ് ' എന്ന പേരിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് മാളിൽ തുടക്കമായി. കിംസ് ഹെൽത്തുമായി സഹകരിച്ചാണ് ലുലു മാൾ വാക്സിനേഷൻ സൗകര്യമൊരുക്കിയത്. 15-18 വയസിനിടയിലുള്ളവർക്കുള്ള കൊവാക്സിനും, 60 വയസിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസും, കൊവിഷീൽഡിന്റെ രണ്ടാം ഡോസുമാണ് വാക്സിനേഷൻ ഡ്രൈവിൽ ഉൾപ്പെടുത്തിയത്.
വാക്സിനേഷൻ എടുക്കാനെത്തുന്നവർ കൊവിൻ ആപ്പിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.തിരിച്ചറിയൽ രേഖ ഹാജരാക്കി പണമടച്ച് വാക്സിൻ സ്വീകരിക്കാം. മാളിലെ ഒന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന മെഡിക്കൽ റൂമിലാണ് വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയാണ് ഡ്രൈവ്. വാക്സിനേഷൻ ഡ്രൈവ് ഞായറാഴ്ച വരെയുണ്ടാകും.