തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണത്തിൽ നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് അർദ്ധരാത്രി മുതൽ തന്നെ പൊലീസ് പരിശോധന ആരംഭിക്കും.

 പരിശോധന ഇങ്ങനെ

 നഗരാത്തിർത്തി പ്രദേശങ്ങളായ വെട്ടുറോഡ്,​ മരുതൂർ, വഴയില, കുണ്ടമൺകടവ്, പ്രാവച്ചമ്പലം, ചപ്പാത്ത് പാലം എന്നിവിടങ്ങളിൽ ബാരിക്കേട് നിരത്തി വാഹന പരിശോധന നടത്തും.

 നഗരത്തിനുള്ളിലേക്കെത്തുന്ന വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കും.

 അവശ്യ സർവീസ് മാത്രമേ നാളെ അനുവദിക്കൂ. യാത്ര ചെയ്യുന്നവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കരുതണം.

അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്ത് വാഹനങ്ങൾ പിടിച്ചെടുക്കും.

 ദീർഘദൂര ബസ്, ട്രെയിൻ, വിമാനയാത്രക്കാർക്ക് യാത്രാരേഖകൾ കാണിച്ച് യാത്രചെയ്യാം

 രോഗികൾ, സഹയാത്രികർ, വാക്സിൻ എടുക്കാൻ പോകുന്നവർ, പരീക്ഷാർത്ഥികൾ, ശുചീകരണ തൊഴിലാളികൾ, അടിയന്തര വാഹന അറ്റകുറ്റപ്പണിക്കായി പോകുന്ന വർക്ക്‌ഷോപ്പ് ജീവനക്കാർ, 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് യാത്ര അനുവദിക്കും.ഇവർ ഐ.ഡി കാർഡും പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റും കരുതണം.


 ഹൈവേ പൊലീസ്, ബൈപ്പാസ് ബീക്കൺസ്, കൺട്രോൾ റൂം വാഹനങ്ങൾ, പിങ്ക് പൊലീസ് എന്നിവ പരിശോധനയ്ക്കുണ്ടാകും

 കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കല്ലയം, മരുതൂർ, മുക്കോല എന്നീ പ്രദേശങ്ങളിൽ പൊലീസ് ശക്തമായ സുരക്ഷാപരിശോധന നടത്തും.

 ബി വിഭാഗത്തിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, മതസാമുദായിക പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.

 വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ പൊലീസ് നിരന്തരം പരിശോധന നടത്തും. സാമൂഹിക അകലവും, മറ്റു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിന് നഗരസഭാ അധികൃതരുമായി ചേർന്ന് നടപടി സ്വീകരിക്കും.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഡി.സി.പി, സബ് ഡിവിഷൻ എ.സി.പിമാരുടെ മേൽനോട്ടത്തിലാകും പരിശോധന