1

വിഴിഞ്ഞം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പരിപാടിയുടെ ഭാഗമായി മാതൃകാ സാന്ത്വനപരിചരണം ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാണി വത്സലൻ, ആരോഗ്യകാര്യ ചെയർപേഴ്സൺ രമപ്രിയ, അംഗങ്ങളായ ജയകുമാരി, ജോയ്, രാജേഷ്, മനോജ്, അഷ്ട ബാലൻ,ഗീത, പ്രമീള,വിജയ് പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. സാന്ത്വനപരിചരണ പ്രവർത്തനങ്ങളെക്കുറിച്ച് പാലിയം ഇന്ത്യയിലെ ഡോ. രാകേഷ്, മനോജ്, ബാബു എബ്രഹാം എന്നിവർ വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വൈദ്യപരിശോധന നടത്തി ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ കണ്ടെത്തും തുടർന്ന് ചികിത്സ ആവശ്യമുള്ളവർക്ക് ചികിത്സകളും തുടർ പരിശോധനകളും ഉറപ്പുവരുത്തും.

മുഴുവൻ വീടുകളിലും സന്നദ്ധപ്രവർത്തകർ സന്ദർശനം നടത്തി കിടപ്പ് രോഗികളെയും മാരകരോഗങ്ങളും മാനസികരോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവരെയും ഭിന്നശേഷിക്കാരെയും പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന വയോജനങ്ങളെയും കണ്ടെത്തും. ഇവർക്ക് വീടുകളിൽ തന്നെ വിദഗ്ദ്ധ പരിചരണം എത്തിക്കും. സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംഘാടകസമിതികളും ക്ലസ്റ്റർ തലത്തിലുള്ള ആരോഗ്യ സേനകളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.