പ്രത്യേകം ടോയ്ലെറ്റുകൾ ക്രമീകരിക്കും, മാസ്കും ഫേസ്ഷീൽഡും ലഭ്യമാക്കും

തിരുവനന്തപുരം: കൊവിഡ് ജോലി ഹൗസ്‌സർജൻമാരുടെ പരിശീലന കാലയളവിലെ ഡ്യൂട്ടിയായി പരിഗണിക്കാമെന്നും ഹൗസ് സർജൻസി കാലയളവായ ഒരുവർഷത്തിൽ കൂടുതൽ ഡ്യൂട്ടി ചെയ്യേണ്ടിവരില്ലെന്നും അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെ ജനറൽ ആശുപത്രിയിലെ ഹൗസ്‌സർജൻമാരുടെ പ്രതിഷേധം അവസാനിച്ചു. ഇന്നലെ ഡി.എം.ഒ ജോസ് ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ ആശുപത്രിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. കൊവിഡ് രൂക്ഷമാകുന്ന ഘട്ടത്തിൽ ആശുപത്രിയിലെ മറ്റ് ഒ.പികൾ അടയ്ക്കുന്നതോടെ ഹൗസ് സർജൻമാർ കൊവിഡ് ഡ്യൂട്ടി ചെയ്യേണ്ടിവരും. എന്നാൽ ഈ കാലയളവിൽ ഹാജർ ലഭിക്കില്ല. കൊവിഡിന് ശേഷം നഷ്ടപ്പെട്ട അത്രയും ഡ്യൂട്ടി അധികമായി ചെയ്താൽ മാത്രമേ ഹാജരും സർട്ടിഫിക്കറ്റും ലഭിക്കൂ. കൊവിഡ് രണ്ടാം തരംഗത്തിൽ ഇതായിരുന്നു സ്ഥിതി. ഈ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ഹൗസ്‌സർജൻമാർ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. ഒരുമണിക്കൂറോളം നീണ്ട പ്രതിഷേധം പൊലീസ് ഉൾപ്പെടെ എത്തിയാണ് അനുനയിപ്പിച്ചത്. തുടർന്നായിരുന്നു ചർച്ച നടന്നത്. ഇത് കൂടാതെ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ്ലെറ്റ് ക്രമീകരിക്കാമെന്നും ആവശ്യത്തിന് മാസ്കും ഫേസ് ഷീഡും ഉറപ്പാക്കാമെന്നും യോഗത്തിൽ ധാരണയായി.

ആവശ്യങ്ങൾ രേഖാമൂലം എഴുതി നൽകിയാൽ ഉടൻ ഉത്തരവാക്കി നൽകാമെന്ന് ഡി.എം.ഒ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാനും കൊവിഡ് ഡ്യൂട്ടിയുമായി പൂർണമായി സഹകരിക്കാനും ഹൗസ് സർജൻമാർ തീരുമാനിച്ചത്. 130 ഹൗസ് സർജൻമാരാണ് ജനറൽ ആശുപത്രിയിലുള്ളത്.കൊവിഡ് കാരണം ജനറൽ ആശുപത്രിയിലെ ഇ.എൻ.ടിയും, ദന്ത,നേത്രവിഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിരുന്നു. ഇതോടെ ഹൗസ് സർജൻമാർക്ക് കൊവിഡ് ഡ്യൂട്ടി മാത്രമായി. കൊവിഡ് ഡ്യൂട്ടി പരിഗണിച്ചില്ലെങ്കിൽ തങ്ങളെ മറ്റ് ആശുപത്രികളിലേക്ക് അയച്ച് ഹൗസ് സർജൻ ഡ്യൂട്ടികൾ തുടരാൻ അവസരമൊരുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.