
മലയിൻകീഴ്: ജില്ലയിലെ (ഐ.സി.എ.ആർ) കൃഷി വിജ്ഞാന കേന്ദ്രം മിത്രാനികേതൻ മാറനല്ലൂർ കൃഷിഭവന്റെ സഹകരണത്തോടെ കണ്ടല സ്വദേശി ജി.വിനുകുമാറിന്റെ 50 സെന്റ് മരച്ചീനി കൃഷിയിൽ അതിനൂതന കാർഷിക ഉപകരണമായ സെമി മാനുവൽ കസാവ ഹാർവെസ്റ്ററിന്റെ പരീക്ഷണം സംഘടിപ്പിച്ചു.ഇത് ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മരച്ചീനി (കപ്പ) പിഴുതെടുക്കാനാകും. ഉപകരണത്തിന്റെ ഉദ്ഘാടനം മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ നിർവഹിച്ചു. കെ.വി.കെയുടെ മേധാവിയും സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡുമായ ഡോ.ബിനുജോൺ സാമിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. വാർഡ് അംഗം കെ.എസ്. രേഖ, കൃഷി ഓഫീസർ ജെ. ദീപ, കൃഷി അസിസ്റ്റന്റ് അജീഷ് കുമാർ, മറ്റു കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. കെ.വി.കെ അഗ്രികൾച്ചർ എഞ്ചിനീയർ ജി. ചിത്ര ഉപകരണത്തിന്റെ ഉപയോഗങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തി. ഹരിയാനയിലെ പ്രഭു ദയാൽ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ കാർഷിക ബിരുദ വിദ്യാർത്ഥികളായ അനീറ്റ് വിജിൽ, അയിഷ, തമന്ന എന്നിവർ പ്രവർത്തന ക്ഷമത പരീക്ഷിച്ചു. 19 സെക്കന്റ് കൊണ്ട് കിഴങ്ങുകൾക്ക് യാതൊരു കേടുപാടുകൾ കൂടാതെ പിഴുതെടുക്കാൻ സാധിച്ചു. അതിനൂതനവും ചെലവുകുറഞ്ഞതുമായ ഈ ഉപകരണം കർഷകർക്ക് പലതലങ്ങളിൽ ഉപയോഗപ്രദമാകുമെന്നാണ് കർഷകർ പറയുന്നത്.