വിതുര: വിതുര മേഖലയിൽ പടരുന്ന കൊവിഡിന് തടയിടുന്നതിനായി ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. വിതുര പഞ്ചായത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന സർവ്വകക്ഷിയോഗത്തിലാണ് കൊവിഡിനെ ചെറുക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. പഞ്ചായത്തിൽ കൊവിഡ് താണ്ഡവമാടുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരാഴ്ചക്കിടെ പഞ്ചായത്തിൽ ഇരുനൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആദിവാസി, തോട്ടം മേഖലകളിലേക്കും രോഗം വ്യാപിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുകയും ചെയ്തു. വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രയിൽ നടക്കുന്ന ആന്റിജൻ പരിശോധനക്ക് വിധേയരാകുന്നതിൽ ഭൂരിഭാഗം പേർക്കും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ് നിലവിൽ. കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ നാട്ടുകാരും ഭീതിയിലുമാണ്. പൊലീസുകാർക്കിടയിൽ വരെ കൊവിഡ് പിടിമുറുക്കിയിട്ടുണ്ട്. വീട്ടിൽ അസൗകര്യമുള്ള കൊവിഡ് ബാധിതരെ പാർപ്പിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് കെയർസെന്റർ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അറിയിച്ചു. കൂടാതെ വ്യാപാരിവ്യവസായികളുടെയും കുടുംബശ്രീയൂണിറ്റുകളേയും പങ്കെടുപ്പിച്ച് ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കും. ആദിവാസി, തോട്ടം മേഖലകളിൽ മെഡിക്കൽക്യാംപുകളും നടത്തുമെന്ന് വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിമെഡിക്കൽ ഓഫീസർ ഡോ.എം.ഡി. ശശി അറിയിച്ചു. വിതുര മേഖലയിലെ ടൂറിസം മേഖലകളിൽ പൊലീസ് പരിശോധന ഊർജിതമാക്കുമെന്നും, സാമൂഹികഅകലംപാലിക്കാത്തവരേയും, മാസ്ക് ധരിക്കാത്തവരേയും പിടികൂടി പിഴ ചുമത്തുമെന്നും വിതുര സി.ഐ എസ്.ശ്രീജിത് അറിയിച്ചു. വിതുരയുടെ തൊട്ടടുത്ത പഞ്ചായത്തായ തൊളിക്കോട്ടും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടെ നേരത്തേ ഒമിക്രോണും സ്ഥിരീകരിച്ചിരുന്നു. കൊവിഡിന് തടയിടുന്നതിനായി വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അറിയിച്ചു. വലിയമല,വിതുര പൊലീസിന്റെയും തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിൽ കൊവിഡിനെ ചെറുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.