ee

പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി അവസാനിപ്പിച്ചിരിക്കുകയാണ് കർഷകർ. കടം വാങ്ങിയും ബാങ്ക് ലോൺ തരപ്പെടുത്തിയും കൃഷിയിറക്കിയ കർഷകർ, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. സന്ധ്യയായാൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുകയാണ് പതിവ്. പതിവിന് വിപരീതമായി ആനക്കൂട്ടമാണ് ഇപ്പോ ഏറെ കൃഷിനാശം വരുത്തുന്നത്.

സെന്റ് മേരീസ്, പേത്തല, ഒരു പറകരിക്കകം, പന്നിയോട്ടുകടവ് എന്നിവിടങ്ങളിൽ സന്ധ്യയോടെ എത്തുന്ന കാട്ടാനക്കൂട്ടം രാവിലെ ഏഴ് മണിയോടെയാണ് തിരികെ കാട്ടിലേക്ക് മടങ്ങുന്നത്. റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. പ്രധാന റോഡ് സൈഡുകളിൽ അറവ് മാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തുക പതിവാണ്.

വന്യജീവികളെ കാട്ടിലേക്ക് വിരട്ടി അയയ്ക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സേവനവും ഇവിടങ്ങളിൽ ലഭിക്കുന്നില്ല. ആനകൾക്കും മറ്റ് കാട്ടുമൃഗങ്ങൾക്കും ഭക്ഷ്യയോഗ്യമായ വൃക്ഷങ്ങളും ചെടികളും വെട്ടി നശിപ്പിച്ച് അക്കേഷ്യയും മാഞ്ചിയവും വച്ചുപിടിപ്പിച്ച് ഭക്ഷണം കിട്ടാതായതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും. കാലാവധി കഴിഞ്ഞ ഇത്തരം പ്ലാന്റേഷനുകൾ വെട്ടിമാറ്റി തനത് വൃക്ഷങ്ങളും ചെടികളും വച്ച് പിടിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് ചെറിയ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പക്ഷം.

പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റവരിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഗുരുതരമായി പരിക്കേറ്റ പലർക്കും ചികിത്സയ്ക്കാവശ്യമായ സഹായം പോലും നാളിതുവരെ അധികാരികളുടെ ഭാഗത്തു നിന്ന് നൽകിയിട്ടില്ല.