
വർക്കല: വർക്കല താലൂക്കിൽ കാലിത്തീറ്റയുടെ വിലക്കയറ്റവും വേനൽ കടുത്തതോടെ പച്ചപ്പുല്ല് കിട്ടാത്തതും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പശു പരിപാലത്തിനുള്ള ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട ക്ഷീരകർഷകരാണ് പ്രതിസന്ധിയിലായിട്ടുള്ളത്.
കാലിത്തീറ്റ, മരുന്നുകൾ, കാത്സ്യം പൊടികൾ, ടോണിക്കുകൾ ഇവയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ചാക്ക് പരുത്തി പിണ്ണാക്ക് 1650 - 1800, കടലപ്പിണ്ണാക്ക് 2800 - 2900, ചോളം 1750, തേങ്ങ പിണ്ണാക്ക് 1700, പെല്ലറ്റ് കാലിത്തീറ്റ ഫസ്റ്റ് കോളിറ്റി 1600, സെക്കൻഡ് കോളിറ്റി 1350 എന്നിങ്ങനെയാണ് വിലനിലവാരം. 750 - 900 രൂപയിൽ നിന്നാണ് പെല്ലറ്റ് കാലിത്തീറ്റയ്ക്ക് വില വർദ്ധിച്ചിട്ടുള്ളത്.
മരുന്നുകൾക്ക് എല്ലാം 30 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കാത്സ്യം ടോണിക്കിന് 1500ന് മുകളിലാണ് വില.
കൊവിഡും കാലിത്തീറ്റ വില വർദ്ധനവും മൂലം ക്ഷീര കർഷകർ കഷ്ടപ്പെടുമ്പോളാണ് കർഷകർക്കുള്ള കാലിത്തീറ്റ സബ്സിഡിയും കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കാലിത്തീറ്റ വില ദിനംപ്രതിയാണ് വർദ്ധിക്കുന്നത്. കേരള ഫീഡ്സ് ഉൾപ്പെടെയുള്ള കമ്പനികളും കാലിത്തീറ്റയ്ക്ക് വില കൂട്ടി. പുറത്തുനിന്നുള്ള കാലിത്തീറ്റയ്ക്കും 120 മുതൽ 150 വരെ വർദ്ധനവുണ്ട്. കാലി തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവാണ് തീറ്റയ്ക്ക് വില കൂടാൻ കാരണമെന്ന് പറയപ്പെടുന്നു.