ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കി. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ് എന്നിവർ ഡയറ്റ് സ്കൂളിലെത്തി ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി ഇവിടെ ചികിത്സാ കേന്ദ്രം സജ്ജീകരികരിക്കാൻ തീരുമാനിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു ബ്ലോക്കും, പുരുഷൻമാർക്ക് മറ്റൊരു ബ്ലോക്കുമാണ് സജ്ജീകരിക്കുന്നത്. ഇരു കെട്ടിടങ്ങളിലുമായി 110 രോഗികളെ ചികിത്സിക്കാൻ സാധിക്കും. നിലവിലെ ടോയ്‌ലെറ്റുകൾക്ക് പുറമെ ഇ ടൊയ്ലറ്റ് സംവിധാനവും ഇവിടെ നടപ്പിലാക്കും. നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാലുടൻ സ്കൂൾ കെട്ടിടം സി.എഫ്.എൽ.ടി.സി സെന്ററാക്കി മാറ്റാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കൂടാതെ ഇരു ബ്ലോക്കിലേക്കും ആവശ്യമായ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കാനുള്ള തുടർ നടപടി സ്വീകരിച്ചതായും ചെയർപേഴ്സൺ അറിയിച്ചു.