p

തിരുവനന്തപുരം: കിഫ്ബി ജോലികളിൽ വീഴ്ച വരുത്തിയ റോഡ് ഫണ്ട് ബോർഡ് എൻജിനിയർക്ക് സസ്പെൻഷൻ. കേരള റോഡ് ഫണ്ട് ബോർഡ് മലപ്പുറം - പാലക്കാട് പ്രോജക്ടിലെ എൻജിനിയറായ പ്രേംജിലാലിനെയാണ് പ്രോജക്ട് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശാനുസരണം സസ്‌പെൻഡ് ചെയ്തത്.

ഒറ്റപ്പാലം - പെരിന്തൽമണ്ണ,​ മണ്ണാർകാട് - ചിന്നത്തടാകം,​ കോങ്ങാട് - മണ്ണാർകാട് - ടിപ്പുസുൽത്താൻ റോഡ്,​ ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ റോഡ് എന്നീ കിഫ്ബി ജോലികളിൽ യഥാസമയം ടെൻഡർ ചെയ്‌ത് പൂർത്തിയാക്കാത്തതിനാണ് നടപടി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ മലപ്പുറത്ത് മന്ത്രി പങ്കെടുത്ത ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോർഡിനേഷൻ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തിൽ എൻജിനിയറുടെ വീഴ്ച ബോദ്ധ്യപ്പെട്ട മന്ത്രി പ്രോജക്ട് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം കൊല്ലത്തെ ഡി.ഐ.സി.സി യോഗത്തിൽ മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരുന്ന കെട്ടിട വിഭാഗം എൻജിനിയറെ പാലക്കാട് ബ്രി‌ഡ്ജസ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.