kovalam

കോവളം: ഇന്ത്യൻ ആർമി ഡേയുടെ ഭാഗമായി ദേശീയ യുദ്ധസ്മാരകത്തിൽ റീത്ത് സമർപ്പിക്കാൻ കോവളത്ത് നിന്ന് ധീര ജവാന്റെ ഭാര്യ ലളിതാബായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 9 പേരെ 9 ദിവസങ്ങളിലായി ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിൽ ക്ഷണിച്ചതിൽ വെങ്ങാനൂർ പഞ്ചായത്തിൽ മുട്ടയ്ക്കാട് ചലഞ്ച് റോഡ് ഷീലാ സദനത്തിൽ 83 വയസുകാരി ലളിതാഭായിക്ക് ഭാഗ്യം ലഭിച്ചു.

ദേശീയ യുദ്ധ സ്മാരകത്തിലെ അമർജവാൻ ജ്യോതിയിൽ ലളിതാഭായി അമ്മ റീത്ത് സമർപ്പിച്ചു. ഭർത്താവായ നായിക് മാധവൻ നായരെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്തു. ലളിതാഭായി അമ്മയുടെ ഭർത്താവ് നായക് കെ.മാധവൻ നായർ 17 മദ്രാസ് റെജിമെന്റിൽ 1968ൽ ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് സേവനമനുഷ്ഠിച്ചിരുന്നു. ഭീകരന്മാരുമായുള്ള ഏറ്റുമുട്ടലിൽ 1968 ജൂൺ 7ന് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരെ ആദരിക്കാൻ വേണ്ടിയാണ് ന്യൂഡൽഹിയിൽ നാഷണൽ വാർ മെമ്മോറിയൽ.

രാജ്യത്തിന് വേണ്ടി വീരമൃത്യു അടഞ്ഞ സൈനികരുടെ പേര് ഇവിടെ സുവർണ ലിപികളിൽ ആലേഖനം ചെയ്തിരിക്കുന്നു. 71-ാം സ്വാതന്ത്ര്യദിനത്തിൽ, ഇന്ത്യാ ഗേറ്റിന് കീഴിലുള്ള അമർ ജവാൻ ജ്യോതിക്ക് പകരം പുതിയതായി ഉദ്ഘാടനം ചെയ്ത ദേശീയ യുദ്ധസ്മാരകത്തിലായിരുന്നു ചടങ്ങുകൾ. ഭർത്താവിന്റെ പേര് ആലേഖനം ചെയ്ത ചുമരിൽ ശ്വേതപുഷ്പം അർപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.