കാട്ടാക്കട: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ ജീവിതം ദയനീയമായി. വർഷങ്ങളായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ഥിരപ്പെടുത്തൽ ഇവർക്ക് സമ്മാനിച്ചത് സർവീസിൽ നിന്നുതന്നെ പിരിച്ചുവിടലാണ്. ആർ. ബാലകൃഷ്ണ പിള്ള വകുപ്പ് മന്ത്രിയായിരുന്ന 1992ലാണ് കേരളത്തിൽ ആദ്യമായി എംപാനൽ സംവിധാനം പരീക്ഷിച്ചത്. സ്ഥിരം ജീവനക്കാരുടെ സമരം പൊളിക്കാനായിരുന്നു അന്ന് അത് ചെയ്തത്.അതിനുശേഷം എൻ.ശക്തൻ ഗതാഗത മന്ത്രിയായിരുന്ന കാലത്തും എംപ്ലോയ്മെന്റ് മുഖേന നിയമിച്ചു. തുച്ഛമായ ശമ്പളത്തിൽ ആയിരുന്നു കെ.എസ്.ആർ.ടി.സിയിൽ നിയമനം.
മിനിമം കൂലി പോലും നൽകാതെയാണ് പതിനഞ്ച് വർഷക്കാലം വരെ അവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചത്. ഇപ്പോൾ കോടതി വിധിയുടെ പേരുപറഞ്ഞ് അവരെ പുറത്താക്കി. ഭൂരിഭാഗം പേരും യൂണിഫോം ഓടെയാണ് കെ.എസ്.ആർ.ടി.സിയുടെ പടിയിറങ്ങിയത്. താത്കാലിക ജീവനക്കാരായി നിയമിക്കുന്നവരെ 179 ദിവസമാണ് ജോലി ചെയ്യിപ്പിക്കുന്നത്. ഒന്നോ രണ്ടോ ദിവസം മാറ്റി നിറുത്തിയിട്ട് വീണ്ടും ജോലിക്ക് എടുക്കും.
വീട്ടിലെ ചെലവ്, മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ ചികിത്സ, മറ്റ് ചെലവുകൾ എന്നിവ പരിഹരിക്കാൻ അവർ വളരെ ബുദ്ധിമുട്ടുകയാണ്. ജീവിതത്തിന്റെ നല്ലൊരുകാലം സർക്കാരിനെ സേവിച്ചിട്ട് ജീവനക്കാർക്ക് കിട്ടിയ മുട്ടൻ പണിയായി ഇവരുടെ പിരിച്ചുവിടൽ. സർക്കാർ പകരം സംവിധാനം ഉണ്ടാക്കും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതേപ്പറ്റി മിണ്ടാട്ടമില്ല.
പ്രതിസന്ധിയിലായത് - 100 ലധികം തൊഴിലാളികൾ
ജോലിയുമില്ല
180 ദിവസം തുടർച്ചയായി ജോലി ചെയ്താൽ അവർക്ക് സ്ഥിരം നിയമനം അവകാശപ്പെടാം എന്നതാണ് വ്യവസ്ഥ. എന്നാൽ ഇതൊന്നും തന്നെ കെ.എസ്.ആർ.ടി.സിയിൽ ബാധകമല്ല. പത്തും പതിനഞ്ചും വർഷം തുടർച്ചയായാണ് ഈ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്തത്. ജോലി ചെയ്തിരുന്നപ്പോൾ റേഷൻകാർഡ് സ്ഥിരം ജീവനക്കാർക്ക് നൽകുംപോലെ വെള്ള റേഷൻ കാർഡാണ് നൽകിയത്. പിരിച്ചുവിട്ടിട്ടും വെള്ള റേഷൻ കാർഡ് മാറ്റി നൽകാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.
പ്രായവും കഴിഞ്ഞു
പലരും ജോലി തേടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തി തിരക്കിയപ്പോൾ നിങ്ങൾ ഇപ്പോഴും ജോലിയിൽ ആണെന്നും പിരിച്ചുവിട്ട സർട്ടിഫിക്കറ്റ് വാങ്ങി നൽകിയാൽ മറ്റേതെങ്കിലും ജോലിയിൽ പരിഗണിക്കാമെന്നും അവർ പറയുന്നു. എന്നാൽ പിരിച്ചുവിട്ട സർട്ടിഫിക്കറ്റ് നൽകാൻ കെ.എസ്.ആർ.ടി.സിയും കൂട്ടാക്കുന്നില്ല. 5000 രൂപ ഡിപ്പോസിറ്റ് നൽകിയാണ് കെ.എസ്.ആർ.ടി.സിയിൽ ദിവസക്കൂലിയിൽ ജോലിയിൽ പ്രവേശിച്ചത്. അതുപോലും ഇതുവരെ തിരികെ നൽകിയിട്ടില്ല. കൂടുതൽ പേർക്കും ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള വയസും കഴിഞ്ഞു.