ആറ്റിങ്ങൽ: ടാറിംഗ് പണി പൂർത്തിയാക്കിയ നഗരസഭ റോഡ് കോൺക്രീറ്റ് മിക്സിംഗ് വാഹനം കയറി തകർന്നു. ആറ്റിങ്ങൽ നഗരസഭയിൽ മാമം അയങ്കാളി റോഡാണ്, സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിന് കോൺക്രീറ്റുമായി എത്തിയ വാഹനം കയറി തകർന്നത്.

വളരെ കാലമായി തകർന്ന് യാത്രാക്ലേശം അനുഭവിച്ചിരുന്ന റോഡിന്റെ റീ ടാറിംഗ് കഴിഞ്ഞ ദിവസം രാത്രിയാണ് പൂർത്തിയായത്. രണ്ട് ദിവസം വലിയ വാഹനങ്ങൾ റോഡിൽ കയറ്റരുതെന്ന് കരാറുകാരൻ സ്വകാര്യ വ്യക്തിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാതെ ഇന്നലെ ഉച്ചയോടെ നെപ്റ്റ്യൂൺ എന്ന സ്ഥാപനത്തിന്റെ വലിയ വാഹനം കോൺക്രീറ്റുമായി ഈ റോഡിലൂടെ കടന്നുപോയി. വാഹനം കടന്നുപോയ 250 മീറ്ററോളം ഭാഗത്തെ ടാർ ഇളകി മാറി റോഡ് തകർന്നു.

വിവരം അറിഞ്ഞ് വാർഡ് കൗൺസിലർ എം.താഹിറിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സെക്രട്ടറി എസ്.വിശ്വനാഥൻ എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ മനസിലാക്കി പൊലീസിൽ വിവരം അറിയിച്ചു. റോഡ് നശിപ്പിച്ചതിന് ഉത്തരവാദികൾ ആ ഭാഗം പൂർവസ്ഥിതിയിലാക്കണമെന്നും നഗരസഭ പൊതുമരാമത്ത് നഷ്ടം സംഭവിച്ചതിന്റെ കണക്ക് നൽകുമ്പോൾ സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വാഹന ഉടമ ഉടമ്പടിയുണ്ടാക്കി റോഡ് പുനർനിർമ്മിച്ച് നൽകണമെന്നും വീഴ്ച വരുത്തിയാൽ വാഹന ഉടമയ്ക്കും കമ്പനിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെയർപേഴ്സൺ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് വാഹനം കസ്റ്റഡ‌ിയിലെടുത്തു.