വെള്ളറട: കുന്നത്തുകാൽ ഗവ. യു.പി.എസ് വളപ്പിനുള്ളിൽ പ്രവർത്തിച്ചു വരുന്ന പി. കുട്ടൻ സ്മാരക പ്രാഥമിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന് 1.5 കോടി ചെലവിൽ ഹൈടെക്ക് മന്ദിരം നിർമ്മിക്കാൽ ഭരണാനുമതി ലഭിച്ചു. അദ്ധ്യാപകനായ പി. കുട്ടൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ പ്രാഥമിക ഗവേഷണ കേന്ദ്രം.
രാമചന്ദ്രൻ, മുരുകേശൻ ആശാരി, വിൻസെന്റ് ജോൺ തുടങ്ങിയ റിട്ട. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തനം ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് തന്നെ ആദ്യത്തേതാണ്. അപൂർവങ്ങളായ ശാസ്ത്ര ഉപകരണങ്ങൾ വിലയേറിയ ശാസ്ത്ര ഗ്രന്ഥങ്ങൾ ദൂരദർശിനിയുൾപ്പെടെയുള്ള അപൂർവ ശേഖരങ്ങൾ തുടങ്ങി ലക്ഷങ്ങൾ വിലമതിക്കുന്ന ശാസ്ത്ര പ്രദർശന സാമഗ്രികൾ തുടങ്ങിയവയുടെ കലവറയാണ് ഗവേഷണ കേന്ദ്രം. പഞ്ചായത്ത് വിദ്യാഭ്യാസ നിർവഹണ സമിതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് പുതിയ ഹൈടെക് മന്ദിരത്തിന് 1.5 കോടി അനുവദിച്ചത്. അടുത്ത സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ മന്ദിര നിർമ്മാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.