chittoor

തിരുവനന്തപുരം: ചികിത്സതേടിയെത്തിയ ഗർഭിണിയെ അടിയന്തര സാഹചര്യത്തിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടിവന്നപ്പോൾ കൈവിടാതെ പ്രസവം വരെയും ഒപ്പമുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് മന്ത്രി വീണ ജോർജ്ജിന്റെ അഭിനന്ദനം. ഗർഭിണിയ്ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കിയ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആർ. ശ്രീജ, അനസ്തെറ്റിസ്റ്റ് ഡോ. ജയമിനി, നഴ്സുമാരായ രഞ്ജുഷ, അനീഷ എന്നിവരെ ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആരോഗ്യ മേഖലയ്ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ചെയ്തതെന്നും പാലക്കാട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. ഈമാസം 10ന് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നില രാത്രിയോടെ ഗുരുതരമായി. ആശുപത്രി നവീകരണം നടക്കുന്നതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നപ്പോൾ ഡോക്ടർമാർ ഒപ്പം കൂടി. ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവില്ലാത്തിനാൽ അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചു. തുടർന്ന് പുലർച്ചെ പ്രസവം കഴിയുന്നതുവരെയും ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം സഹായവുമായി കൂടയുണ്ടായിരുന്നു.