taluk

നെയ്യാറ്റിൻകര: 120 വർഷത്തെ നെയ്യാറ്റിൻകര പട്ടണത്തിന്റെ ചരിത്രമുറങ്ങുന്ന പൈതൃകമന്ദിരം വിസ്മൃതിയിലേക്ക്. അധികൃതരുടെ അനാസ്ഥയിൽ നാശത്തിന്റെ വക്കിലായ കെട്ടിടത്തെ സംരക്ഷിച്ച് ചരിത്രമ്യൂസിയമാക്കണമെന്ന ആവശ്യവുമായി സംഘടനകളും നാട്ടുകാരും. നെയ്യാറ്റിൻകരയിലെ പഴയ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന പൈതൃകമന്ദിരമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഒരു കോടി രൂപ ചെലവിൽ കെട്ടിടത്തെ ചരിത്രമ്യൂസിയമാക്കി സംരക്ഷിച്ച് നിലനി‌റുത്തുമെന്ന പ്രഖ്യാപനമുണ്ടായത്. എന്നാൽ രണ്ടാം പിണറായി സ‌ർക്കാർ അധികാരമേറ്റിട്ടും ഇതുസംബന്ധിച്ച് യാതൊരു നടപടിയും കൈക്കൊള്ളാൻ ബന്ധപ്പെട്ടവർക്കായിട്ടില്ല.

താലൂക്ക് ഓഫീസ് മന്ദിരത്തോടൊപ്പം തന്നെ നെയ്യാറ്റിൻകരയിലെ ബോയ്സ് സ്കൂളും സ‌ർക്കാ‌ർ ആശുപത്രിയും ആയുർവേദ ആശുപത്രിയും നിർമ്മിച്ചിരുന്നു. ഇതിൽ പഴയകാല നിർമ്മാണത്തിലെ അസൗകര്യങ്ങളുടെ പട്ടിക നിരത്തി താലൂക്ക് ഓഫീസ് പ്രവർത്തനം സമീപത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റിയതോടെയാണ് മന്ദിരത്തെ പൈതൃകമന്ദിരമാക്കി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായത്.

കെട്ടിടത്തിന് മുന്നിൽ നടപ്പാത നിർമ്മാണം, പാർക്ക് എന്നിവ സ്ഥാപിച്ച് കെട്ടിടത്തെ നവീകരിച്ച് നിലനി‌റുത്തുന്നതിനായാണ് ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. ബഡ്ജറ്റിൽ തുക വകയിരുത്തി എന്നതല്ലാതെ പിന്നീട് ഇതുസംബന്ധിച്ച് യാതൊരു നടപടിയുമുണ്ടായില്ല. പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് 2 വ‌ർഷം പിന്നിട്ടിട്ടും മന്ദിരത്തെ അധികൃതർ മറന്ന മട്ടാണ്. കൊവിഡ് പ്രതിസന്ധിയാണ് പദ്ധതി നടപ്പിലാക്കാൻ വൈകുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം. നാശത്തിന്റെ വക്കിലായ കെട്ടിടത്തെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും സംരക്ഷിച്ച് നിലനിറുത്താൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.