photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലിയിൽ ആദിവാസി നാട്ടറിവുകൾ ചികിത്സയിൽ ഉൾകൊള്ളിച്ച് മാറാരോഗങ്ങൾക്ക് വരെ ആശ്വാസമേകി പച്ചില വൈദ്യത്തിന്റെ നാട്ടറിവ് സംരക്ഷകൻ ഞാറനീലി ജയാ ഭവനിൽ ഡോ. രവികുമാർ എന്ന ഈശ്വരൻ കാണി.

2021 ലെ ജൈവവൈവിദ്ധ്യ ബോർഡിന്റെ നാട്ടു ശാസ്ത്രജ്ഞൻ, നാട്ടറിവ് സംരക്ഷകൻ എന്നീ വിഭാഗത്തിലെ അവാർഡാണ് ഈശ്വരൻ കാണിക്ക് ലഭിച്ച അവസാന ബഹുമതി. 44 വർഷമായി പാലോട് ഞാറനീലിയിൽ ദ്രാവിഡ് വൈദ്യശാല നടത്തി വരികയാണ് ഇദ്ദേഹം. പാലകൻ, ചേമ്പറവല്ലി എന്നീ ഔഷധസസ്യങ്ങളിൽ നിന്ന് പ്രമേഹത്തിനുള്ള മരുന്നിന് 1993 ൽ പേറ്റന്റും, 2012ൽ കിർത്താഡ്സിന്റെ അവാർഡും ലഭിച്ചു.

2018ൽ പി.എച്ച്.ഡിയും, ഗാന്ധി ദർശന്റെ ഫെലോഷിപ്പും ലഭിച്ചു. 250 ലേറെ വൈവിദ്ധ്യമാർന്ന ഔഷധസസ്യങ്ങൾ ഇദ്ദേഹം നട്ടുവളർത്തി സംരക്ഷിക്കുന്നുണ്ട്. കരിങ്കുടങ്ങൽ, ശാന്തൻകിളങ്ക്, മുള്ളമൃത്, കരിമഞ്ഞൾ, കിങ്കിണിഞ്ഞം, പെരും തിപ്പലി, നൊച്ചി, ആറംപുളി, അശോകം, തൊടവാള, കുപ്പമേനി, വേലിപരുത്തി, പനിനീർ ചെമ്പകം, കിരിയാത്ത്, മലകറിവേപ്പില, ചെമ്പറവല്ലി, പെരുംകച്ചോലം മുഞ്ഞ, ആരോഗ്യ പച്ച തുടങ്ങിയ ഔഷധ സസ്യങ്ങൾ ചികിത്സാലയത്തോട് ചേർന്ന പറമ്പിൽ നട്ടുവളർത്തിയിട്ടുണ്ട്. ചാറ്റുപാട്ട്, കാണികൾ കാണാപുറങ്ങൾ, ഗോത്ര താളം ,മൊളാണി എന്നീ നാലു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശനിയാഴ്ചകളിൽ ആവികുളിക്കായി നിരവധി പേരാണ് ഞാറനീലിയിലെ ചികിത്സാലയത്തിലെത്തുന്നത്. മാറാരോഗങ്ങൾ ചികിത്സിച്ച് മാറ്റാനുള്ള കഴിവുള്ളതിനാലാണ് ജനങ്ങൾ ഈശ്വരൻ എന്ന് വിളിക്കുന്നത്. സുശീലയാണ് ഭാര്യ. മക്കൾ: ജയകുമാർ, ജയകുമാരി. മരുമക്കൾ: ഉഷ, ഷാജി.