
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ നിറവേറ്റുന്നില്ല. കടലും കായലും കൊണ്ട് ചുറ്റപ്പെട്ട പ്രദേശമാണ് അഞ്ചുതെങ്ങ് ഗ്രാമപ്രദേശം.
പക്ഷേ ഭക്ഷണം പാകം ചെയ്യുന്നതിനടക്കം പ്രദേശവാസികൾ ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്.
എന്നാൽ കുടിവെള്ളമെത്തുന്നതാകട്ടെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം. ചിലപ്പോൾ ആഴ്ചകളോളം കുടിവെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. കൂടാതെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആകെ ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ മുക്കാൽ ശതമാനവും വിവിധ പൈപ്പുകൾ പൊട്ടി മാസങ്ങളോളം ഒഴുകിപ്പോകുന്ന അവസ്ഥയാണ്. കാലപ്പഴക്കം ചെന്ന ശുദ്ധജല പൈപ്പ് ലൈനുകൾ മേഖലകളിൽ പൊട്ടുന്നതും സ്ഥിരം സംഭവമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജല അതോറിട്ടി ജീവനക്കാരെ അറിയിച്ചാൽപ്പോലും തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പൈപ്പുകൾ അതിവേഗതയിൽ പൊട്ടിയൊഴുകി പോകുന്നതോടെ മറ്റു പ്രദേശങ്ങളിൽ ജലത്തിന്റെ വേഗത കുറയുകയും, പ്രദേശങ്ങളിലാകെ കുടിവെള്ളം എത്തുന്നതിന് തടസമാവുകയും ചെയ്യുന്നു.
അഞ്ചുതെങ്ങിലെ ഉൾപ്രദേശങ്ങളിലെ കോളനികൾ അടക്കമുള്ള സ്ഥലങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ എല്ലാം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും നിലനിൽക്കുന്നു. അഞ്ചുതെങ്ങ് തീരദേശവാസികളുടെ സ്വപ്നപദ്ധതിയായ വാക്കംകുളം ശുദ്ധജല വിതരണ പദ്ധതി പോലും അധികൃതരുടെ അവഗണനയിൽ പാതിവഴിയിലാണ്. മീരാൻകടവിൽ വാട്ടർടാങ്ക് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.