
|
ആറ്റിങ്ങൽ: കൊവിഡ് കാലത്ത് കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാൻ വേണ്ടി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ റേഡിയോയായ നന്മ ജനം ഏറ്റെടുത്തതോടെ സൂപ്പർഹിറ്റായി. 2020 ഒക്ടോബറിൽ ആരംഭിച്ച റേഡിയോ നന്മയുടെ പ്രക്ഷേപണം ഇപ്പോൾ ഒരുവർഷം പിന്നിട്ടു കഴിഞ്ഞു. ഒരു മാസം രണ്ട് എപ്പിസോഡുകളായാണ് പ്രക്ഷേപണം. സിനർജി റേഡിയോ ക്ലബ് വഴി ഒന്നരലക്ഷത്തിലധികം ശ്രോതാക്കളാണ് റേഡിയോയ്ക്കുള്ളത്. മൊബൈൽ ഫോണിൽ കുട്ടികൾ തന്നെ റെക്കാഡ് ചെയ്ത് എഡിറ്റ് ചെയ്ത് അവർ തന്നെയാണ് റേഡിയോ പ്രക്ഷേപണം ചെയ്യുന്നത്. വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകളിലൂടെയാണ് ഓരോ എപ്പിസോഡും തയ്യാറാക്കുന്നത്. റേഡിയോ നന്മയുടെ ഡയറക്ടർമാർ പത്താം ക്ലാസുകാരായ സാത്വിക ദിലീപും, സാനിയയുമാണ്. ഒപ്പം കോ ഓർഡിനേറ്ററായി എട്ടാം ക്ലാസുകാരി ഏഞ്ചൽ മരിയയുമുണ്ട്. ഇവർ മൂവരുമാണ് റേഡിയോ നന്മയുടെ ആർ.ജെ.മാരായി എത്തുന്നതും. അദ്ധ്യാപികയും അഡിഷണൽ കമ്യൂണിറ്റി പൊലീസ് ഓഫീസറുമായ എസ്. ശാരികയ്ക്കാണ് സ്റ്റേഷൻ ഹെഡ്. ഗായിക കെ.എസ്.ചിത്ര, പി. വിജയൻ ഐ.പി.എസ്, മല്ലിക സുകുമാരൻ എന്നിവരും റേഡിയോ നന്മയിൽ അതിഥികളായി എത്തിയിട്ടുണ്ട്. |