
വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ മുല്ലൂരിൽ നടന്ന ജനകീയ സമരം അവസാനിപ്പിച്ചു. ആർ.ഡി.ഒയും തുറമുഖ കമ്പനി എം.ഡിയും നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
തുറമുഖ കമ്പനി എം.ഡിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് കടന്നുപോകുംവിധം സഞ്ചാരസ്വാതന്ത്ര്യം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വീടും സ്ഥലവും വിട്ടുനൽകിയവർക്ക് പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചുസെന്റ് സ്ഥലം ഒരു മാസത്തിനകം നൽകുമെന്നും ബലിക്കടവും ആറാട്ടുകടവും അനുയോജ്യമായ രീതിയിൽ പകരം സജ്ജമാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു.
സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് ശ്രീജുലാൽ .എസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്മോഹൻ, മുക്കാല ജി. പ്രഭാകരൻ, ഏരിയാ ജനറൽ സെക്രട്ടറി അജയ്.പി, വയൽക്കര മധു എന്നിവർ സംസാരിച്ചു.