munnar

ഇന്ന് ദേശീയ ടൂറിസം ദിനം

.............................................


നമ്മുടെ വിനോദസഞ്ചാരങ്ങൾ വിനോദത്തിനു വേണ്ടി മാത്രമല്ല. എത്തുന്ന നാടിന്റെ ചരിത്രവും സംസ്‌കാരവും ഭക്ഷണ വൈവിദ്ധ്യം അറിയലും എല്ലാം ഉൾപ്പെടുന്നതാണത്. നമ്മുടെ നാട് കാണാൻ വരുന്ന വിദേശ, ആഭ്യന്തരസഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുകയും അതേസമയം അവിസ്മരണീയമായ ആതിഥ്യം അരുളുകയുമാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. മാത്രമല്ല, വിനോദസഞ്ചാരവും അതിന്റെ സാദ്ധ്യതകളും വളരുമ്പോൾ നമ്മുടെ നാടിനും നാട്ടുകാർക്കും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ ഗുണഫലങ്ങൾ ലഭിക്കണമെന്നും സർക്കാരിന് നിർബന്ധമുണ്ട്. ആ ലക്ഷ്യത്തിൽ ഊന്നിയുള്ള പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നതും ഇനി നടപ്പാക്കാൻ ഇരിക്കുന്നതും. മഹാമാരിയുടെ മൂന്നാംവരവ് സൃഷ്ടിച്ച അനിവാര്യമായ നിയന്ത്രണങ്ങൾക്ക് നടുവിലാണ് നാം ഇതെല്ലാം പറയുന്നത്. പക്ഷേ ഏത് തരംഗത്തെയും നേരിടാനുള്ള സജ്ജീകരണങ്ങൾ എല്ലാ മേഖലയിലും സർക്കാർ ഒരുക്കിയിട്ടുണ്ട്. വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ എന്ന ആശയം സർക്കാർ നേരത്തെതന്നെ യാഥാർത്ഥ്യമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽത്തന്നെ സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ആശയം മുന്നോട്ടുവച്ചു. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ടൂറിസം കേന്ദ്രങ്ങൾ നൂറുശതമാനം വാക്സിനേറ്റഡ് ആക്കാൻ മുൻകൈയെടുത്തു. വയനാട്ടിലെ വൈത്തിരിയിലാണ് ഇത് തുടങ്ങിയത്. വയനാട് ജില്ല തന്നെ നൂറുശതമാനം ആദ്യ ഡോസ് വാക്സിനെടുത്ത ജില്ലയാവുകയും അത് ദേശീയ തലത്തിൽ ശ്രദ്ധനേടുകയും ചെയ്തു. ബയോബബിൾ സംവിധാനത്തിലൂടെ ടൂറിസം മേഖല സുരക്ഷിതമാണെന്ന സന്ദേശം നൽകാൻ കഴിഞ്ഞു. കാരവൻ ടൂറിസം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്, മലബാർ ലിറ്റററി സർക്യൂട്ട്, അഗ്രി ടൂറിസം നെറ്റ് വർക്ക് ഇൻ കാർ ഡൈനിങ് തുടങ്ങിയവ വിനോദസഞ്ചാര മേഖലയിൽ ഈ സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച നൂതന പദ്ധതികളാണ്.
വിനോദസഞ്ചാരം എന്നത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പൂർണാർത്ഥത്തിൽ ജനങ്ങൾ ടൂറിസവുമായി ബന്ധപ്പെടണം. ജനങ്ങൾക്ക് ടൂറിസത്തോടും ടൂറിസത്തിന് ജനങ്ങളോടും ഉത്തരവാദിത്തമുണ്ട്. പരസ്പര പൂരകമായ ആ പ്രക്രിയയിലേക്ക് കേരള ടൂറിസത്തെ എത്തിക്കുക എന്നതാണ് സർക്കാരിന്റെ കടമ. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ടൂറിസം വകുപ്പ് അക്കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു,
ഹൗസ് ബോട്ടിനു ശേഷം കേരള ടൂറിസം പുറത്തിറക്കിയ പുതിയ ഉത്‌പന്നമായ കാരവൻ ടൂറിസത്തിൽ അത് പ്രതിഫലിക്കുന്നുണ്ട്. അൺ എക്സ്‌പ്ലോഡഡ് ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്ര സാദ്ധ്യമാക്കുന്ന കാരവനുകൾ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ തുറന്നിടുകയാണ് ചെയ്യുന്നത്. ഇത് പ്രാദേശിക തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കും. സഞ്ചാരികൾക്ക് പ്രാദേശികമായി ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കാം. പ്രാദേശിക കലാരൂപങ്ങളെ പരിചയപ്പെടുത്താം, സുരക്ഷ ഒരുക്കാൻ പ്രത്യേക പരിശീലനം നൽകി യുവജനങ്ങളെ സജ്ജമാക്കാം, അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹമായി ടൂറിസം വളരും. തിരിച്ചും. ആഭ്യന്തര വിനോദസഞ്ചാരം ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഓരോ പ്രദേശത്തും ഒന്നിൽ കുറയാത്ത വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുക എന്നത് പ്രധാന ഉദ്ദേശമാണ്. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്ന നടപടികൾക്ക് തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് 2022 ൽ തുടക്കം കുറിക്കും.
കാർഷിക സംസ്‌കൃതിയെ അനുഭവിച്ചറിയാൻ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്ന അഗ്രിടൂറിസം ശൃംഖലയും അത്തരമൊരു ഇടപെടലാണ്. ഫാം ടൂറിസം, വീട്ടുവളപ്പിലെ കൃഷികൾ, മാതൃകാ കർഷകരുടെ കൃഷിയിടങ്ങൾ എന്നിവയെല്ലാം അതിന്റെ ഭാഗമാവുകയാണ്. ഇവിടെ കർഷകരുടെ വിപണിയിലേക്കുള്ള വഴിയായി കൂടി ടൂറിസം മാറും. പഴയകാല കൃഷിരീതികൾ മുതൽ ആധുനിക സമ്പ്രദായങ്ങൾ വരെ അനുഭവിച്ചറിയാൻ പുതുതലമുറയ്‌ക്ക് അവസരമുണ്ടാകുന്നതാകും ഇത്തരം സംരംഭങ്ങൾ. സഞ്ചാരികളുടെ അഭിരുചിയ്‌ക്കനുസരിച്ച് നീങ്ങുക മാത്രമല്ല ടൂറിസം. നമ്മുടെ സവിശേഷതകളിലേക്ക് സഞ്ചാരികളിലേക്ക് ആകർഷിക്കുക കൂടി ടൂറിസത്തിന്റെ ലക്ഷ്യമാണ്. അതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. അത്തരമൊരു ചുവടുവയ്‌പാണ് സ്ട്രീറ്റ് പദ്ധതി. നമ്മുടെ ഭക്ഷണവും കലയും സംസ്‌‌കാരവും എല്ലാം സഞ്ചാരികളുടെ ഹൃദയം തൊടണം. അതിനുള്ള അവസരമൊരുക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.

കേരളത്തെ ആകെ ടൂറിസം ഡെസ്റ്റിനേഷനാക്കി ലോകടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ചുവടുവയ്‌പാണ് നടത്തുന്നത്. എല്ലാ മേഖലയിലും വികസനം സാദ്ധ്യമാക്കാനാണ് ശ്രമം. ജനങ്ങളെ യോജിപ്പിച്ച് നല്ല ടൂറിസം സംസ്‌‌കാരം വളർത്തിയെടുക്കാനാകും. നമുക്കൊരുമിച്ച് നമ്മുടെ നാടിനെക്കുറിച്ച് ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയണം.