ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരിപ്പാതയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നത് പതിവാകുന്നു. ഇന്നലെ ടി.ബി ജംഗ്ഷൻ പാർക്കിന് എതിർവശത്താണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് ടാർ ഇളകി അപകടകരമായ കുഴി രൂപപ്പെട്ടു. കഴിഞ്ഞ ഒരു മാസക്കാലമായി 8 തവണയാണ് പാതയിൽ പലയിടങ്ങളിലായി പൈപ്പ് പൊട്ടി ടാറിളകുന്നത്.
പൈപ്പ് പൊട്ടിയാലുടൻ ലൈൻ അടച്ച് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കലാണ് വാട്ടർ അതോറിട്ടി ആദ്യം ചെയ്യുന്നത്. രണ്ടു മൂന്ന് ദിവസത്തിനകം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ഓട്ടയടച്ച് റോഡ് പാച്ച്‌വർക്ക് ചെയ്യുകയാണ് പതിവ്. പാച്ച്‌വർക്ക് ചെയ്യുന്ന റോഡിന്റെ ഭാഗം ഉയർന്ന് നിൽക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്.
ഇരുപത് കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലാണ് 2.8 കിലോമീറ്റർ വരുന്ന പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയുള്ള ആറ്റിങ്ങലിലെ പാത നാലുവരിയാക്കി ടാർ ചെയ്തതെന്നാണ് അധികൃതർ പറഞ്ഞത്. ടാറിംഗ് കഴിഞ്ഞ് ഒരുമാസം കഴിയും മുൻപ് റോഡിൽ പൈപ്പ് പൊട്ടൽ ആരംഭിച്ചു. ഇതോടെ അന്താരാഷ്ട്ര നിലവാര റോഡ‌് പൊളിഞ്ഞു തുടങ്ങി. പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ച് റോഡ് നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചതാണ്. എന്നാൽ അതിനുള്ള തുകയില്ലെന്ന കാരണത്താൽ പൈപ്പുകൾ മാറ്റാതെ പണി നടത്തി. ഇന്ന് അത് റോഡിന് പാരയായി മാറുകയാണ്. കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ സഞ്ചരിക്കാനാവാത്ത അവസ്ഥയാണിപ്പോൾ.