1

വിഴിഞ്ഞം: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഇന്നലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വിജനമായി കോവളം തീരം. പ്രദേശത്ത് തങ്ങുന്ന വിദേശികളും ഇന്നലെ തീരത്ത് ഇറങ്ങിയില്ല. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് റോഡുകളിൽ തിരക്ക് കുറവായിരുന്നു.

സഞ്ചാരികൾ ഇല്ലാത്തതിനാൽ തീരത്തെ ഓട്ടോ ടാക്‌സികളും സർവീസ് നടത്തിയില്ല. വിഴിഞ്ഞം മത്സ്യബന്ധന തീരവും വിജനമായിരുന്നു. ഇന്നലെ തൊഴിലാളികൾ ആരും മത്സ്യബന്ധനത്തിന് പോയില്ല. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഏതാനും മെഡിക്കൽ സ്റ്റോറുകളും ഒഴികെ മിക്ക കടകളും അടഞ്ഞുകിടന്നു. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഏതാനും സർവീസുകളുണ്ടായിരുന്നു. ഹോട്ടലുകൾ പാഴ്സൽ സർവീസ് മാത്രമാക്കി പ്രവർത്തിച്ചു.