
തിരുവനന്തപുരം :ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന താരകമാണ് നേതാജി സുബാഷ് ചന്ദ്രബോസെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.സുബാഷ് ചന്ദ്രബോസിന്റെ 125-ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ കലാ സാംസ്കാരിക മാദ്ധ്യമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾക്ക് നൽകിയ പ്രേംദേശ് പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ഭാരതത്തിന്റെ സ്വാതന്ത്ര്യം യാഥാർത്ഥ്യമാകുന്നതുവരെ ഇടമുറിയാത്ത പോരാട്ടം അനിവാര്യമാണെന്ന ഉറച്ച പക്ഷക്കാരനായിരുന്നു അദ്ദേഹം. ദേശസ്നേഹത്തിന്റെ ആവേശത്തിരകളുയർത്തിയ നേതാജി, നിരന്തര സമരത്തിന്റെ പാതയാണ് തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.ഫൗണ്ടേഷൻ പ്രസിഡന്റ് എം.എൻ.ഗിരി അദ്ധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ സെക്രട്ടറി പൂവച്ചൽ സുധീർ,ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ,ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജലീൽ മുഹമ്മദ്,ദുനുംസ് പേഴുംമൂട് തുടങ്ങിയവർ സംസാരിച്ചു.ശിവാകൈലാസ്, ചെങ്കൽ രാജശേഖരൻ, പി.എം.ഹുസൈൻ ജിഫ്രി, വി.പി.ഹരികുമാർ,ഗോപാലകൃഷ്ണൻ, രാജു നാരായണൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.