കാട്ടാക്കട:മൂന്നാം തരംഗത്തിൽ വ്യാപനത്തെ തുടർന്നുള്ള ആദ്യ ലോക്ക് ഡൗൺ പൂർണം.അവശ്യ സർവീസുകളെയും അവശ്യ വസ്തു വിൽപ്പന കേന്ദ്രങ്ങളെയും ഒഴിവാക്കിയുള്ള അടച്ചിടലിൽ മെഡിക്കൽ സ്റ്റോർ,ചില ഹോട്ടൽ, ബേക്കറികൾ.പലവ്യഞ്ജന കടകൾ കൂടാതെ പച്ചക്കറികടകൾ,പൂക്കടകൾ എന്നിവയൊഴികെ മറ്റെല്ലാം അടഞ്ഞുകിടന്നു.ഗ്രാമീണ മേഖലകളിലെ സ്റ്റേഷൻ പരിധികളിൽ ബാരിക്കേഡുകൾ വച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എല്ലാം ഒഴിഞ്ഞ് കിടന്നു. മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രികളിലേക്ക് ജോലിക്ക് പോകുന്നവർക്കും ചികിത്സക്ക് പോകുന്നവർക്കും കൂടാതെ ട്രെയിൻ യാത്രക്ക് പോകുന്നവർക്കും ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയിൽ നഷ്ടം സഹിച്ചും ഞായറാഴ്ച സർവീസ് നടത്തി.മലയോര മേഖലയിൽ നാല്പത്തി രണ്ടു ഷെഡ്യൂൾ വരെ പ്രവർത്തിപ്പിച്ചിരുന്നിടത്തു ഞായറാഴ്ച പതിമ്മൂന്നു ഷെഡ്യൂലാണ് ഉണ്ടായിരുന്നത്.ഇവയിൽ ഉച്ചയോടെ തന്നെ മൂന്നെണ്ണം റദ്ദ് ചെയ്തു. മുപ്പതു ഷെഡ്യൂൾ പ്രവർത്തിപ്പിച്ചിരുന്ന വെള്ളനാട് അഞ്ചു ഷെഡ്യൂളും,ഇരുപതു ഷെഡ്യൂൾ പ്രവർത്തിപ്പിച്ചിരുന്ന ആര്യനാട് മൂന്ന് ഷെഡ്യൂളും,32 ഷെഡ്യൂൾ പ്രവർത്തിപ്പിച്ചിരുന്ന വെള്ളറടയിൽ 10 ഷെഡ്യൂളുമാണ് പ്രവർത്തിപ്പിച്ചത്.