
ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവാറാട്ടുകാവിൽ അരിയിട്ടുവാഴ്ച ചടങ്ങുകൾ തിരുവിതാംകൂർ രാജവംശത്തിലെ രാജസ്ഥാനീയൻ മൂലം തിരുനാൾ രാമവർമ്മയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്നു. മകരമാസം 9 നാണ് ഈ അനുഷ്ഠാനം. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ 50 പേരിൽ താഴെമാത്രമാണ് ചടങ്ങിന് ഉണ്ടായിരുന്നത്. സാധാരണ മൂന്ന് ആനയെ എഴുന്നള്ളിക്കുന്ന പതിവിന് വിപരീതമായി ഇക്കുറി ഒരാനയാണ് ഉണ്ടായിരുന്നത്.
കളമെഴുത്തും പാട്ടും നടത്തി പരിശുദ്ധമാക്കിയ പുരയിലെ ദേവീ പീഠത്തിൽ തണ്ടുല പൂജ നടത്തി, ദേവിക്ക് ആടിയ അരി പ്രസാദമായി രാജകുടുംബാംഗങ്ങൾക്ക് നൽകി. കളത്തിലരി ദേവിയുടെയും രാജകുടുംബാംഗത്തിന്റെയും ശിരസിൽ അഭിഷേകം ചെയ്തു. വരുംവർഷത്തെ സമ്പൽസമൃദ്ധിയാണ് കളത്തിലരിയിൽ തെളിയുന്നതെന്നാണ് സങ്കല്പം. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനും ആറ്റിങ്ങലിലെ അരിയിട്ടുവാഴ്ചയ്ക്കുമാണ് രാജാവ് ഉടവാളേന്തി എത്തുന്നത്.
രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, തിരുവാതിര തിരുനാൾ ലക്ഷ്മി ബായി, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ക്ഷേത്ര തന്ത്രി കാട്ടുമാടം പ്രവീൺ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് നടക്കുന്ന വലിയ വിളക്കോടെ 9 ദിവസത്തെ ചടങ്ങുകൾ അവസാനിക്കും.