തിരുവനന്തപുരം: കുടുംബശ്രീയുടെ എ.ഡി.എസ് തിരഞ്ഞെടുപ്പുപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷനിലെ അമ്പലത്തറ വാർഡിൽ സി.പി.എം - സി.പി.ഐ പാർട്ടികൾ തമ്മിലുണ്ടായ തർക്കം പുതിയ തലങ്ങളിലേക്ക്. സി.പി.ഐയെ തോല്പിക്കാൻ ബി.ജെ.പിയുമായി ചേർന്ന് മത്സരത്തിനിറങ്ങിയ സി.പി.എമ്മുമായി പ്രാദേശികമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം സി.പി.ഐ പ്രവർത്തകർ. എന്നാൽ ധാരണതെറ്റിച്ച് ഒറ്റയ്‌ക്ക് മത്സരത്തിനിറങ്ങിയ സി.പി.ഐയെ തള്ളുന്ന നിലപാടിലാണ് സി.പി.എം പ്രാദേശിക നേതൃത്വം.

എ.ഡി.എസ് പിടിച്ചെടുക്കാൻ സി.പി.എം ബി.ജെ.പിയെ കൂട്ടുപിടിച്ചെന്ന് സി.പി.ഐ പ്രാദേശിക നേതാക്കൾ ആരോപിച്ചതോടെയാണ് പരസ്യപ്പോര് തുടങ്ങിയത്. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും സി.പി.ഐയിൽ നിന്നുള്ള കൗൺസിലറും മുൻ കൗൺസിലറും മാദ്ധ്യമങ്ങൾക്ക് വ്യാജവാർത്തകൾ നൽകുകയാണെന്നും സി.പി.എം അമ്പലത്തറ ലോക്കൽ കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ പ്രസ്താവനയും വന്നു. ബി.ജെ.പിക്ക് വോട്ടുനൽകി ശീലിപ്പിക്കുന്നത് താത്കാലിക ലാഭത്തിന് വേണ്ടിയാണെങ്കിലും വരും നാളുകളിൽ ഇടതുപക്ഷത്തിന് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് സി.പി.ഐ വാദം. നഗരസഭാ തിരഞ്ഞെടുപ്പിൽ അമ്പലത്തറ വാർഡിലെ സി.പി.ഐ സ്ഥാനാർത്ഥിയെ തോല്പിക്കാൻ സി.പി.എമ്മിലെ ചിലർ ശ്രമിച്ചെന്നും സി.പി.ഐ കുറ്റപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.എം - സി.പി.ഐ ജില്ലാ, മണ്ഡലം, എൽ.സി തല നേതാക്കൾ തിരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കാൻ തീരുമാനിച്ചിരുന്നു. സി.പി.ഐ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതോടെയാണ് സഹകരണത്തിൽ വിള്ളൽ വീണത്. ഇതോടെ സി.പി.ഐ ഒറ്റയ്‌ക്ക് പാനൽ അവതരിപ്പിച്ചെങ്കിലും ഒരാൾ പോലും വിജയിച്ചില്ല.