തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള പരിശോധനയ്‌ക്കിടെ അത്യാവശ്യത്തിന് പോകുന്നവരെ പിടികൂടി പെറ്റി ചുമത്തിയെന്ന് പരാതി. മലയിൻകീഴ് പൊലീസിനെതിരെയാണ് ആരോപണം.
ഇന്നലെ ഉച്ചയോടെ മലയിൻകീഴിൽ നന്ദഗോപകുമാർ എന്നയാളിനാണ് ദുരനുഭവം ഉണ്ടായത്. വീട്ടിൽ പ്ലംബിംഗ് ജോലിക്കെത്തിയ തൊഴിലാളിക്ക് വീട് കാണിച്ചുകൊടുത്ത ശേഷം അടുത്ത വീട്ടിൽ താമസിക്കുന്ന അമ്മയ്‌ക്ക് ഭക്ഷണം കൊണ്ടുപോകുമ്പോൾ 500 രൂപ പെറ്റി ചുമത്തിയെന്നാണ് പരാതി. അനാവശ്യമായി പുറത്തിറങ്ങിയതല്ലെന്ന് വിശദീകരിച്ചിട്ടും എസ്.ഐ കേൾക്കാൻ കൂട്ടാക്കിയില്ലത്രെ.
സ്റ്റേഷനിലെത്തി 500 രൂപ പെറ്റി അടയ്‌ക്കണമെന്ന് രസീത് എഴുതി നൽകിയെങ്കിലും ഏത് കൊവിഡ് മാനദണ്ഡമാണ് ലംഘിച്ചതെന്ന് എഴുതിയിട്ടില്ല. അമ്മയ്‌ക്ക് ചോറുകൊണ്ടുപോകുന്നത് നിയമ ലംഘനമാണോ എന്ന് ചോദിച്ചപ്പോൾ വിരട്ടിവിടുകയാണ് എസ്.ഐ.ചെയ്തതെന്ന് നന്ദഗോപകുമാർ പറയുന്നു.