
തിരുവനന്തപുരം:സ്വപ്ന പദ്ധതിയായ മലയോര ഹൈവേയുടെ നിർമ്മാണത്തിന് വേഗം കൂട്ടാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് തുടങ്ങി. വനംവകുപ്പിന്റെ തടസങ്ങളും മറികടന്നാണ് മുന്നേറ്റം. കാസർകോട് നന്ദാരപ്പടവ് മുതൽ പാറശാല വരെ 1251 കിലോമീറ്റർ നീളമുള്ള ഹൈവേ 2024-ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ചില ജില്ലകളിൽ നേരത്തെ നാറ്റ്പാക്ക് തയ്യാറാക്കിയ അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്തി. വനംവകുപ്പുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യാൻ ചീഫ് എൻജിനിയർ ഓഫീസിൽ പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ മലയോര മേഖലയുടെ വൻ വികസനത്തിന് ഉതകുന്ന ഹൈവേയിൽ ആലപ്പുഴ ഒഴികെയുള്ള ജില്ലകളുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ ജില്ലകളിൽ വനഭൂമിയിൽ റോഡ് നിർമ്മിക്കണം. കെ.എസ്.ടി.പി, ശബരിമല പാത തുടങ്ങിയ പദ്ധതികളുടെ കീഴിലുള്ള റോഡുകളാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്നത്. ഈ ഭാഗങ്ങൾ ഒഴിവാക്കിയാൽ 910 കിലോമീറ്ററിലാണ് റോഡ് നിർമ്മിക്കേണ്ടത്. കിഫ്ബി ഫണ്ടുപയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡാണ് നിർമ്മാണ മേൽനോട്ടം.
പണം നൽകി
സ്ഥലമെടുക്കില്ല.
മലയോര ഹൈവേയ്ക്ക് എം.എൽ.എമാരുടെ സഹകരണത്തോടെ സൗജന്യമായി ഭൂമി ലഭ്യമാക്കണം. നിലവിലുള്ള റോഡുകൾ വികസിപ്പിക്കും .ഇല്ലാത്ത ഭാഗങ്ങളിൽ നിർമ്മിക്കും. വനംവകുപ്പിന്റെ സ്ഥലത്ത് റോഡ് നിർമ്മിക്കാൻ പകരം സ്ഥലവും ഓരോ മേഖലയ്ക്കുമനുസരിച്ചുള്ള തുകയും വനംവകുപ്പിന് നൽകണം.കാസർകോട് ജില്ലയിൽ പൊളിച്ചൽ-ചെറുപുഴ റീച്ചിലെ നിർമ്മാണത്തിന് 10 ലക്ഷം രൂപ വനംവകുപ്പിന് നൽകിക്കഴിഞ്ഞു.
വനം വകുപ്പിന്റെ തടസം
*ഏറെ ദൈർഘ്യത്തിൽ വനമേഖലയിലൂടെ പോകുന്നതിനാലും റിസർവ് വനമേഖലകളും പദ്ധതി പ്രദേശത്ത് ഉൾപ്പെടുന്നതിനാലും കേന്ദ്രവനം വകുപ്പിന്റെ കൂടി അനുമതി വേണം.(മന്ത്രി തലത്തിൽ ബന്ധപ്പെട്ട് ഇതിനുള്ള തുടർ നടപടികൾ ആക്കി)
*ഓരോ മേഖലയ്ക്കും പ്രത്യേക അപേക്ഷ നൽകണം.(ഒരു ജില്ലയ്ക്ക് ഒരു അപേക്ഷ എന്നഭേദഗതി വരുത്തി)
പദ്ധതി വിശദാംശം
₹1251 കി.മീ
കാസർകോട് മുതൽ പാറശാല വരെ ദൈർഘ്യം
₹12 മീറ്റർ
പാതയുടെ വീതി
₹54
ആകെ റീച്ചുകൾ
₹3500 കോടി
നിർമ്മാണച്ചെലവ്
₹43.4 ഹെക്റ്റർ
വനംവകുപ്പിൽ നിന്ന് ഏറ്റെടുക്കേണ്ടത്.
നിർമ്മാണ പുരോഗതി
₹441 കി.മീ
സാങ്കേതിക അനുമതി കിട്ടി
₹559.34 കി.മീ
സാമ്പത്തിക അനുമതി കിട്ടി
₹392 കി.മീ
ടെൻഡറായി
₹296.9 കി.മീ
കരാറായി
'' മലയോര ഹൈവേയുടെ പ്രവൃത്തി പ്രതീക്ഷിച്ച വേഗതയിലാണ് മുന്നോട്ടു പോകുന്നത്. . വനഭൂമി ലഭ്യമാകുന്നതിലെ തടസങ്ങൾ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് പരിഹരിക്കുന്നുണ്ട്'' .
-പി.എ.മുഹമ്മദ് റിയാസ്
പൊതുമരാമത്ത് മന്ത്രി