
തിരുവനന്തപുരം: കൊവിഡിന്റെ അതിരൂക്ഷ വ്യാപനത്തിനിടെ മാനദണ്ഡങ്ങൾ ലംഘിച്ച് വാട്ടർ അതോറിട്ടി നടത്തിയ വാക്ക് ഇൻ ഇന്റർവ്യൂ വിവാദമായി.
അതോറിട്ടിയുടെ വെള്ളയമ്പലത്തെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിലായിരുന്നു ക്വാളിറ്റി മാനേജർ, ടെക്‌നിക്കൽ മാനേജർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് അറ്റൻഡന്റ്, സാമ്പിളിംഗ് അറ്റൻഡന്റ് എന്നീ തസ്‌തികകളിലെ 21 ഒഴിവുകളിലേക്ക് രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ അഭിമുഖം നടന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് മുന്നൂറോളം ഉദ്യോഗാർത്ഥികളെത്തിയിരുന്നു.
എന്നാൽ ഇവരെ നിയന്ത്രിക്കാൻ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കൂട്ടംകൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും സെക്യൂരിറ്റി ജീവനക്കാർ നിർദ്ദേശിച്ചെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. ഉദ്യോഗാർത്ഥികൾ കൂട്ടം കൂടിയതോടെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. കൊവിഡിന്റെ അതിരൂക്ഷ വ്യാപനം തുടരുന്ന ജില്ലയിൽ ആൾക്കൂട്ടങ്ങളോ ഒത്തുചേരലുകളോ നിരോധിച്ചിട്ടും അഭിമുഖം മാറ്റിവയ്‌ക്കാൻ വാട്ടർ അതോറിട്ടി തയ്യാറായില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.