
തിരുവനന്തപുരം: തലസ്ഥാന മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്ക് മനോഹര നിമിഷങ്ങൾ സമ്മാനിച്ച് ഓർമ്മയായ ജോർജ് എന്ന കടുവയ്‌ക്ക് ഫ്രാൻസിൽ ഇപ്പോഴും ആരാധകരുണ്ട്. ചെറുകഥകളിലൂടെ ഫ്രാൻസുകാർക്ക് അവനെ പരിചയപ്പെടുത്തിയത് എഴുത്തുകാരിയും ഡാൻസറുമായ ക്ലെയർലെ മിഷേൽ എന്ന ഫ്രഞ്ച് വനിതയാണ്.
എഴുത്തുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയപ്പോഴായിരുന്നു ജോർജുമായുള്ള ഉൗഷ്‌മള സൗഹൃദമാരംഭിക്കുന്നത്. പ്രകൃതിയും മൃഗങ്ങളുമായുള്ള സ്‌നേഹത്തെപ്പറ്റി എഴുതാനാണ് അവർ കേരളത്തിലെത്തിയത്. റിസർച്ചുകളുടെ ഭാഗമായി മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്‌സാണ്ടറുമായി സംസാരിച്ചതോടെ പുതിയൊരു അദ്ധ്യായത്തിന് തുടക്കമായി.
ജോർജിനെക്കുറിച്ച് ' ദി സ്റ്റോറി ഓഫ് ജോർജ് ' എന്ന പേരിൽ ബ്ലോഗായും റേഡിയോ വഴിയും ജനങ്ങളിലേക്കെത്തുന്ന ചെറുകഥകൾ ഫ്രാൻസുകാർക്ക് ഇന്ന് സുപരിചിതമാണ്. ജോർജിനെ നിരീക്ഷിച്ച സാഹചര്യങ്ങൾക്കൊപ്പം അല്പം ഭാവനയും ചേർത്താണ് ജോർജിനെ അവർ ഫ്രാൻസുകാരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. പാർത്ഥനേയ് ടൗണിലെ ലൈബ്രറിയിൽ ജോർജിന്റെ കഥ കേൾക്കാൻ നിരവധിപ്പേരാണ് കഴിഞ്ഞ ശനിയാഴ്ച ഒത്തുകൂടിയത്.
കൊവിഡായതിനാൽ കഴിഞ്ഞ രണ്ടുവർഷമായി മിഷേലിന് കേരളത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ കഴിഞ്ഞ ക്രിസ്‌മസ് പിറ്റേന്ന് ജോർജ് ഓർമ്മയായതും മിഷേലിനെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. ചെറുകഥകളിൽ ഡോക്ടർ ജേക്കബ് അടക്കമുള്ളവർ കഥാപാത്രങ്ങളാകുന്നുണ്ട്. ഫ്രഞ്ചിൽ പ്രസിദ്ധീകരിക്കുന്ന കഥകളുടെ പരിഭാഷയടക്കം മൃഗശാല അധികൃതർക്ക് മിഷേൽ അയച്ചുനൽകാറുണ്ട്.
കഥകളുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ സംഭവങ്ങളും അടങ്ങിയ ഒരു വെബ് പേജ് ഇപ്പോൾ പാർത്ഥനേയ് ടൗൺ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സ്‌കൂൾ കുട്ടികൾ വരച്ച ജോർജിന്റെ 23 ചിത്രങ്ങൾ മൃഗശാല അധികൃതർക്ക് അയച്ചുനൽകിയിരുന്നു. ഇതുവരെ കഥയുടെ 38 അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിജീവനത്തിന്റെ കരുത്ത്
ശരീരമാസകലം മുറിവുകളോടെ വർഷങ്ങൾക്ക് മുമ്പാണ് ജോർജിനെ മൃഗശാലയിലെത്തിച്ചത്. 12 ഇഞ്ചുവരെ നീണ്ട മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. മൂക്കിന്റെ അഗ്രം നഷ്ടപ്പെട്ടിരുന്നതുകൂടാതെ പാരാമോണിമസ് എന്ന വിര ശ്വാസകോശത്തിൽ കാണപ്പെട്ടതിനാൽ നേരാംവണ്ണം ശ്വസിക്കുന്നതിനും തടസമുണ്ടായിരുന്നു.
25ഓളം മൃഗങ്ങളെ വേട്ടയാടി ഏഴുദിനരാത്രങ്ങളോളം വയനാടിലെ മലയോര ഗ്രാമങ്ങളെ വിറപ്പിച്ച ജോർജ് മൃഗശാലയിലെ ആശുപത്രിയിൽ നാലുമാസം നീണ്ട ചികിത്സയ്ക്കൊടുവിലാണ് സുഖംപ്രാപിച്ചത്. 15 വയസുള്ള ജോർജിനെ കടുത്ത പരിശ്രമത്തിനൊടുവിലാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ പ്രേമത്തിലെ നായക കഥാപാത്രത്തിന്റെ പേരായിരുന്നു കടുവയ്‌ക്ക് നൽകിയത്. ഇൗ കൗതുകമാണ് ക്ലെയർലെ മിഷേലിനെ ജോർജിന് മുന്നിലെത്തിച്ചത്.