1

തിരുവനന്തപുരം: ക്ഷീര കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാസ്‌തമംഗലം വനജന്റെ വേർപാടിൽ ഞെട്ടി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. ഇന്നലെ പ്രഭാത സവാരിക്കിടെ പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപം കുഴഞ്ഞുവീണാണ് അദ്ദേഹം മരിച്ചത്.

എന്ത് ആവശ്യത്തിനും സഹായത്തിനും ഓടിയെത്തുന്ന വനജൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ സഹപ്രവർത്തകർക്ക് കഴിയുന്നില്ല. 20 വർഷത്തിലേറെയായി അദ്ദേഹം തലസ്ഥാനത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. ക്ഷീര കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റായതു മുതൽ ക്ഷീര കർഷകർക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു. ക്ഷീര കർഷകരുടെ വിവിധ ആവശ്യങ്ങൾക്കായി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്ന വനജൻ കേരള നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

ആറ് മാസം മുമ്പ് ഇന്ധനവില വർദ്ധനയ്ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ വനജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്തുവണ്ടി ഉരുട്ടി പ്രതിഷേധം ഏറെ ശ്രദ്ധനേടിയിരുന്നു. കൊവിഡ് കാലത്തും പാർട്ടിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രതിരോധ പ്രവർത്തനത്തിനും അദ്ദേഹം മുന്നിലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ജന്മ, ചരമവാർഷിക ദിനത്തിൽ മുടങ്ങാതെ അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിക്കാൻ ചുക്കാൻ പിടിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ എം.പി, ​വി.എസ്. ശിവകുമാർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരുടെ പ്രിയപ്പെട്ട പ്രവർത്തകനായിരുന്നു. അസുഖമൊന്നുമില്ലാതിരുന്ന വനജന്റെ ആകസ്‌മിക മരണത്തിൽ അടുത്ത ബന്ധുക്കളും ഞെട്ടലിലാണ്. വനജൻ കോൺഗ്രസ് പാർട്ടിയുടെ ഊർജസ്വലനായിരുന്ന പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് പ്രദേശത്തെ കോൺഗ്രസ് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും വി.എസ്. ശിവകുമാർ അനുസ്‌മരിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,​ നേതാക്കളായ എം.എ. വാഹീദ്,​ വീണ എസ്.നായർ തുടങ്ങിയവരും അനുശോചിച്ചു.