mami

വെമ്പായം: ജില്ലയ്ക്ക് തന്നെ മാതൃകയാവുകയാണ് മാണിക്കൽ പഞ്ചായത്ത് നടപ്പിലാക്കുന്ന പുഴയൊഴുകും മാണിക്കൽ പദ്ധതി. പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ വേളാവൂർ പുഴയെ സംരക്ഷിച്ച്‌ കാർഷിക സമൃദ്ധി തിരിച്ചു പിടിക്കാനും ഗ്രാമീണ ടൂറിസം നടപ്പിലാക്കാനും മാണിക്കൽ ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പുഴയൊഴുകും മാണിക്കൽ. ഇത്തരമൊരു പദ്ധതി ജില്ലയിലെ പഞ്ചായത്തുകളിൽ ആദ്യമായാണ്. മാലിന്യമടിഞ്ഞും കൈയേറ്റങ്ങൾ കൊണ്ടും നാശത്തിന്റെ വക്കിലാണ് ഈ പുഴ. തമ്പുരാൻ - തമ്പുരാട്ടി പാറയുടെ അടിവാരത്തുള്ള ഇരപ്പുകുഴിയിൽ നിന്ന് ഉത്ഭവിച്ച് അഞ്ചുതെങ്ങ് കായലിൽ ചേരുന്ന മാമം പുഴയ്ക്ക് 27 കി.മീ നീളമുണ്ട്‌.

അതിൽ 10 കി.മീറ്ററിലധികം ഈ ഗ്രാമപഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഭാഗമാണ് വേളാവൂർപ്പുഴ എന്നറിയപ്പെടുന്നത്. വേളാവൂർ പുഴയുടെ ഇരു കരകളിലും നെല്ലും മറ്റു വിളകളും കൃഷി ചെയ്തിരുന്നു. ശുദ്ധജലം ഒഴുകിയിരുന്ന ഈ പുഴയിൽ നാട്ടുകാർ കുളിക്കുകയും നീന്തൽ പരിശീലിക്കുകയും ചെയ്തിരുന്നു.

കാലക്രമേണ കൃഷിയിടങ്ങൾ തരിശുകിടക്കാൻ തുടങ്ങി. വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമെല്ലാം ഒഴുക്കിവിടുന്ന മാലിന്യങ്ങളെല്ലാം പുഴയെ മലിനമാക്കാൻ തുടങ്ങി.

ഇതിന് പരിഹാരം കാണുന്നതിനായി ശുചിത്വമിഷനുമായി ചേർന്ന് ഗ്രാമപഞ്ചായത്ത് 2014ൽ പദ്ധതി കൊണ്ടുവന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. തുടർന്ന് മന്ത്രി ജി.ആർ. അനിലിന്റെ മേൽനോട്ടത്തിൽ പദ്ധതി ഹരിതകേരളം ഏറ്റെടുക്കുകയും വിവിധ വകുപ്പുകളെ ഏകോപിച്ച് നടപ്പാക്കുകയുമായിരുന്നു.

പദ്ധതിച്ചെലവ്

എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷവും, പഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷവുമാണ് ഇപ്പോൾ ഉള്ളത്. ബാക്കി മറ്റു വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കും. പുഴയെ സംരക്ഷിച്ച് പഞ്ചായത്തിന്റെ പഴയ കാർഷിക സമൃദ്ധി വീണ്ടെടുക്കുകയും ഗ്രാമീണ ടൂറിസം നടപ്പിലാക്കുകയും ചെയ്യുകയാണ് ലക്‌ഷ്യം. ഇതിലൂടെ പ്രദേശവാസികൾക്ക് ജോലിയും നൽകുമെന്ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ പറഞ്ഞു.

പദ്ധതിയുടെ പ്രവർത്തനം

തമ്പുരാൻ - തമ്പുരാട്ടിപാറ, വെള്ളാണിക്കൽ പാറകളെ ബന്ധിപ്പിച്ചുകൊണ്ട് ഗ്രാമീണ ടൂറിസം പദ്ധതി നടപ്പിലാക്കും. സഞ്ചാരികൾക്ക് നടപ്പാതയൊരുക്കും, ഇരുകരകളിലും പൂന്തോട്ടങ്ങളും ഇരിപ്പിടങ്ങളും നിർമ്മിക്കും. റോഡുകളെ പുഴയുടെ ബണ്ടുമായി ബന്ധിപ്പിച്ച് സൈക്ലിംഗ് പാതയൊരുക്കും. പുഴയിൽ മാലിന്യം ഇടുന്നത് ഉറവിടത്തിൽ തടയും, പുഴയിൽ എത്തുന്ന ചെറു നീർച്ചാലിൽ പോലും മാലിന്യമിടരുതെന്ന് നാട്ടുകാരെ ബോധവത്കരിക്കും, കൈയേറ്റങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും അത് ചെയ്തില്ലെങ്കിൽ നിയമ നടപടിയിലൂടെ ഒഴിവാക്കും. ഇതിനായി പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ചന്നൂർ മുതൽ വെമ്പായം വരെയുള്ള പ്രദേശങ്ങളിൽ പുഴയുടെ അവസ്ഥ മനസിലാക്കുന്നതിനായി പുഴ നടത്തവും സംഘടിപ്പിച്ചിരുന്നു.

പിരപ്പൻകോട് ജംഗ്ഷനിൽ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ചെറു തടയണകൾ നിർമിച്ച് ജലം സംരക്ഷിക്കാൻ കഴിയും. സമീപപ്രദേശങ്ങളിലെ കൃഷിക്കും കിണറുകളിലെ ജലവിതാനം ഉറപ്പാക്കുന്നതിനും സഹായകമാവും. നെല്ല്, മത്സ്യം, പച്ചക്കറി, പൂ ഉൾപ്പെടെയുള്ള കൃഷികൾക്കായി ജലം പ്രയോജനപ്പെടുത്തിയെടുക്കാനാകും.