തിരുവനന്തപുരം:പേരൂർക്കടയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന സ്വപ്‌നപദ്ധതിയായ പേരൂർക്കട ഫ്ളൈഓവറിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടുത്ത മാസം തുടങ്ങും. കഴിഞ്ഞ നവംബറിൽ അതി‌ർത്തിക്കല്ലുകൾ സ്ഥാപിച്ച ഇവിടെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി അരക്കോടി രൂപ പദ്ധതി നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോ‌ർപ്പറേഷൻ റവന്യൂ വകുപ്പിന് കൈമാറി.കളക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ വിഭാഗമാണ് ഭൂമി ഏറ്റെടുക്കൽ നടപടി നടത്തേണ്ടത്. ലാൻഡ് അക്വിസിഷൻ ഓഫീസ് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഈമാസം ആരംഭിക്കേണ്ട ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭനടപടി അടുത്ത മാസത്തേക്ക് മാറ്റിയത്.ഏറ്റവും കുറച്ച് വ്യാപാര സ്ഥാപനങ്ങളെയും വാസഗൃഹങ്ങളെയും ബാധിക്കുന്ന രീതിയിലാണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. 25 വ്യാപാര സ്ഥാപങ്ങളെ മാത്രമാണ് ബാധിക്കുക.ഏകദേശം നാല് ഏക്കർ ഭൂമിയാണ് ഫ്ളൈഓവർ നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടിവരുന്നത്.

സ്ഥലമേറ്റെടുക്കുന്നതിനുള്ള റവന്യു നടപടികളുടെ ഭാഗമായി 6 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് അതിർത്തിക്കല്ല് സ്ഥാപിച്ച് നിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്. കളക്ടറേറ്റിലേക്ക് പോകേണ്ട കുടപ്പനക്കുന്ന് റോ‌‌ഡ് ഉൾപ്പെടെ ഒമ്പതു റോഡുകളാണ് ജംഗ്ഷനിലെത്തുന്നത്. നെടുമങ്ങാട് ഭാഗത്തു നിന്ന് നഗരത്തിലേക്കും തിരിച്ചും അമിതവേഗതയിൽ വരുന്ന വാഹനങ്ങളൊക്കെ കുരുക്കിലാകുന്നത് പേരൂർക്കട ജംഗ്ഷനിലാണ്. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. പേരൂർക്കട ലൂർദ് പള്ളിക്ക് സമീപത്തു നിന്നാരംഭിച്ച് വഴയില സെന്റ് ജൂഡ് പള്ളിക്ക് സമീപം അവസാനിക്കും.റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഒഫ് കേരളയ്ക്കാണ് നിർമ്മാണച്ചുമതല.

ഫ്ളൈഓവർ

2002 മുതൽ പേരൂർക്കടയിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും 2016 -17-ലെ ബഡ്‌ജറ്റിലാണ് അണ്ടർപ്പാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പണം വകയിരുത്തിയത്. പദ്ധതിക്കായി നിയോഗിച്ച റോ‌ഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള നടത്തിയ പരിശോധനയിൽ പൈപ്പ്ലെെനുകളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ അണ്ടർപ്പാസ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്ളൈഓവർ സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഫ്ളൈഓവറിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച ചില പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥ‌ർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിച്ച് അടുത്ത മാസം സ്ഥലമേറ്റെടുക്കൽ തുടങ്ങാനാണ് തീരുമാനം.സ്ഥലമേറ്റെടുപ്പിനൊപ്പം പാരിസ്ഥിതികാഘാത പഠനവും പൂർത്തിയാക്കും. ഒരുവർഷത്തിനകം പാലത്തിന്റെ നിർമ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

-വി.കെ.പ്രശാന്ത് എം.എൽ.എ

 874 മീറ്റർ നീളം

 ആകെ ചെലവ് - 106.76 കോടി (കിഫ്‌ബി ഫണ്ട്)​

 ഫ്ലൈഓവർ നിർമ്മാണം - 55.42 കോടി

 സ്ഥലമേറ്റെടുപ്പ് - 43.39 കോടി

 പ്രാരംഭ ചെലവ്, ട്രീ പ്ലാൻഡിംഗ് - 7.95 കോടി