
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവ് പ്രദേശം ടൂറിസ്റ്റ് വില്ലേജ് ആക്കണമെന്ന ആവശ്യം ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. മൂന്നുവർഷമായി അഞ്ചുതെങ്ങ് ജലോത്സവക്കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിട്ട്. അനുഭാവപൂർവ്വം സർക്കാർ അപേക്ഷ സ്വീകരിച്ചെങ്കിലും ഇതുവരെയും നടപടി ഒന്നുമായില്ല. മീരാൻകടവ് പാലത്തിന് അടിവശത്ത് വളരെയധികം സ്ഥലം സർക്കാർ പുറമ്പോക്ക് ആയി കിടപ്പുണ്ട് വളരെ മനോഹരവും ടൂറിസ്റ്റ് സംരംഭങ്ങൾക്ക് അനുയോജ്യവുമായ ഈ പ്രദേശം പല സ്വകാര്യ വ്യക്തികളും കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും ജലോത്സവക്കമ്മിറ്റിയുടെ ഇടപെടൽമൂലം ഇത് തടഞ്ഞു. ഇന്ന് ഈ സ്ഥലം അറവുശാലകളുടെ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. മൂക്കുപൊത്തി പോലും ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ആൾസഞ്ചാരം കുറഞ്ഞതോടെ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. കഞ്ചാവും മറ്റു ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. പാലത്തിനു മുകളിലൂടെ സഞ്ചരിക്കുന്നവരെ ഇരുട്ടിന്റെ മറവിൽ പിടിച്ചുനിറുത്തി ആക്രമിക്കുകയും കൈയിലുള്ളവ അപഹരിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇവിടെ നടക്കുന്നുണ്ട്. രണ്ട് മാസങ്ങൾക്കുമുമ്പ് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർത്ഥിയും ബൈക്കിൽ സഞ്ചരിച്ച കുടുംബവും ഇവിടെവച്ച് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് ഇരയായിരുന്നു. ജലോത്സവക്കമ്മിറ്റി സമർപ്പിച്ച ടൂറിസം പദ്ധതി നടപ്പാക്കിയാൽ ഈ ശല്യങ്ങൾ ഒഴിഞ്ഞു പോകും എന്ന് മാത്രമല്ല കടയ്ക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്തുകളുടെ വികസനത്തിനും ഇത് ഗുണമായി വരുമെന്നുമാണ് നാട്ടുകാർ പറയുന്നത്.