
വർക്കല: ഹരിഹരപുരം പള്ളിത്തൊടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഹരിഹരപുരം കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കണമെന്ന് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു. ഹരിഹരപുരം ചാമവിളവീട്ടിൽ അജയകുമാർ അച്ഛൻ പരേതനായ ആനന്ദൻപിള്ളയുടെ ഓർമ്മയ്‌ക്കായി നീരുറവ ഉൾപ്പെടുന്ന സ്ഥലം വിട്ടുനൽകാൻ തയ്യാറായതിനെ തുടർന്നാണ് പദ്ധതിക്ക് അന്തിമ രൂപമായത്.
പദ്ധതി പൂർത്തിയായാൽ ഇലകമൺ ഗ്രാമപഞ്ചായത്തിലെ 1,2,3,16 വാർഡുകളിലെ 1032 വീടുകളിൽ പുതിയ കണക്ഷൻ നൽകാനും നിലവിലെ എല്ലാ വീടുകൾക്കും യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കാനും കഴിയും. പുതിയ കിണറും പമ്പ്ഹൗസും സ്ഥാപിക്കുന്ന പദ്ധതിയിൽ 90 എംഎം പൈപ്പ്ലൈൻ 1000 മീറ്റർ ദീർഘിപ്പിക്കും. 700 മീറ്റർ നീളത്തിൽ പുതിയ പമ്പിംഗ് ലൈനാണ് സ്ഥാപിക്കുന്നത്.
1.52കോടി രൂപയാണ് പദ്ധതിയുടെ നിർമ്മാണച്ചെലവ്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ, വൈസ് പ്രസിഡന്റ് ലൈജുരാജ്, ഗ്രാമപഞ്ചായത്തംഗം സുനുസുദേവ്, വാട്ടർ അതോറിട്ടി എ.ഇ സിന്ധു, ഇക്ബാൽ, അജയകുമാർ എന്നിവർ പങ്കെടുത്തു.