
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ജനവാസ മേഖലകളിൽ മിക്കയിടങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തുടർക്കഥയായിട്ടും നടപടിയെടുക്കാൻ വാട്ടർ അതോറിട്ടി തയ്യാറായിട്ടില്ല. നന്ദിയോട് ചെറ്റച്ചൽ റോഡിൽ ആലുമ്മൂട് ഭാഗത്ത് പൈപ്പ് പൊട്ടിയതോടു കൂടി ബാക്കിയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളം ലഭിക്കാത്ത നിലയിലാണ്. 9.86 കോടി രൂപ ചിലവിൽ 95 ശതമാനത്തോളം പൂർത്തിയായ ഇതേ റോഡിൽ പൈപ്പ് പൊട്ടലിനെ തുടർന്ന് പല സ്ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ നിലവാരം കുറഞ്ഞ പൈപ്പാണ് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കുള്ളത്.