
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് പരിശോധനയിൽ ബൈക്കിൽ മദ്യവില്പന നടത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മാരായമുട്ടം ആലത്തൂർ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ആര്യ ഭവനിൽ അനിൽകുമാർ (41)ആണ് പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. മദ്യശാലയിൽ നിന്നു 700 രൂപ വിലയ്ക്ക് വാങ്ങുന്ന മദ്യം 1000 രൂപ നിരക്കിലാണ് അനിൽകുമാർ ബൈക്കിൽ ഇടപാടുകാർക്ക് എത്തിച്ച് നൽകിയിരുന്നത്. അവധി ദിവസങ്ങളിൽ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യക്കച്ചവടം നടക്കുന്നതായുളള വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ ഷാജുവിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ഹർഷകുമാർ,ലിന്റോ, ഡ്രൈവർ സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും ആറ് ലിറ്റർ മദ്യവും 1000 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.