
തിരുവനന്തപുരം:സംഘടിത,കുറ്റകൃത്യങ്ങൾ തടയുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഓൺലൈനായി ചേർന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു. മയക്കുമരുന്ന്, സ്വർണ്ണം, അനധികൃത മദ്യം, മണ്ണ് കടത്ത് തടയുന്നതിന് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകണം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് നിരീക്ഷിക്കണം. .
ഗുണ്ടകൾക്കെതിരെ. ഗുണ്ടാനിയമ പ്രകാരവും ക്രിമിനൽ നടപടി ചട്ടപ്രകാരവും ആവശ്യമായ നടപടികൾ സ്വീകരിക്കണം. വാറണ്ട് നടപ്പാക്കാൻ മുൻഗണന നൽകണം. എല്ലാ ജില്ലകളിലും രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണം. വാഹനങ്ങളിലും നടന്നുമുള്ള പട്രോളിംഗിന് മുൻഗണന നൽകണം. അതിരാവിലെ ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പട്രോളിംഗ് സംഘം പരിശോധന നടത്തണം. പൊതുസ്ഥലങ്ങളിൽ വൈകുന്നേരങ്ങളിലുള്ള പൊലീസ് പട്രോളിംഗ് ശക്തമാക്കണം. . മയക്കുമരുന്ന് മാഫിയയ്ക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിക്കണം. ചെറുതും വലുതുമായ എല്ലാത്തരം മയക്കുമരുന്നു കേസുകളും പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കണം. രാത്രികാല പട്രോളിംഗ്, വിവരശേഖരണം എന്നിവ ഫലപ്രദമാക്കണം.
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് പരിശോധന പുനരാരംഭിക്കണം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് മുതലായവ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം. ഹൈവേ പൊലീസിന്റെ പ്രവർത്തനങ്ങൾ ജില്ലാ പൊലീസ് മേധാവിമാർ ദിവസേന നിരീക്ഷിക്കണം. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം. പോക്സോ കേസ് അന്വേഷണത്തിൽ അമാന്തം പാടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.