
ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. സ്പോർട്സ് വകുപ്പിൽ നിന്നുള്ള 9.25 കോടി ചെലവിട്ടാണ് അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിന്റെ അവസാന ഘട്ട പണികളും സുരക്ഷാവേലിയും തറയോടു പാകലും കൂടി കഴിഞ്ഞാൽ പദ്ധതി പൂർത്തിയാകും. സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നാണ് ശ്രീപാദം സ്റ്റേഡിയം. ഫുട്ബാൾ ഗ്രൗണ്ടും 400 മീറ്റർ സിന്തറ്റിക് ട്രാക്കും ജിംനേഷ്യവുമാണ് ശ്രദ്ധാകേന്ദ്രങ്ങൾ. മുഖ്യ ഗ്രൗണ്ടിൽ 1.5 കോടി രൂപ ചെലവിട്ടാണ് ഫുട്ബാൾ ഗ്രൗണ്ട് സജ്ജീകരിച്ചത്.
ജിംനേഷ്യം ഇപ്പോൾത്തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയാണ്. ഇവിടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ബോക്സിംഗ്, ഗുസ്തി, തായ്ക്കൊണ്ടോ എന്നീ മത്സരങ്ങൾ നടത്താൻ കഴിയും. ഇത് കൂടാതെ മുഖ്യ ഗ്രൗണ്ടിന് പുറത്ത് ഖോ - ഖോ പരിശീലനത്തിനുള്ള ചെറിയ ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിന് 7 കോടി രൂപയാണ് ചെലവിടുന്നത്. സിന്തറ്റിക് സ്ഥാപിക്കൽ പൂർത്തിയായിക്കഴിഞ്ഞു. വരകൾ ഇടുന്ന ജോലിയാണ് ട്രാക്കിൽ ബാക്കിയുള്ളത്. ഇതിനായി സിങ്കപ്പൂരിൽ നിന്ന് വിദഗ്ദ്ധ സംഘമെത്തി പണികൾ ആരംഭിച്ചു.
110 മീറ്റർ ഹർഡിൽസ്, 100 മീറ്റർ ഓട്ടം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും സ്റ്റോഡിയത്തിലുണ്ട്. ലോംഗ് ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയ്ക്കായി നാല് പിറ്റുകൾ മണൽ നിറച്ച് സജ്ജമാക്കിക്കഴിഞ്ഞു. ജാവൽ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങൾ നടത്താനുള്ള സൗകര്യവും സ്റ്റേഡിയത്തിലുണ്ട്.
സൗകര്യം
120 കായിക വിദ്യാർത്ഥികൾക്ക് സൗജന്യമായി താമസിച്ച് പരിശീലനം നടത്താനുള്ള ഹോസ്റ്റൽ സംവിധാനങ്ങൾ ഇവിടെയുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇപ്പോൾ ഇവിടെ താസിച്ച് പരിശീലനം നടത്തുന്നത്.
ആവശ്യങ്ങൾ...
1 കാണികൾക്ക് ഇരിക്കാൻ കൂടുതൽ സൗകര്യം ഒരുക്കണം
2 സ്റ്റേഡിയത്തിന്റെ ഒരുഭാഗത്തെ മൺത്തിട്ട അപകട ഭീതിയുയർത്തുന്നു. മണ്ണിടിഞ്ഞാൽ കോടികൾ ചെലവിട്ട് നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് തകരും. സംരക്ഷണ മതിൽ കെട്ടി മണ്ണിടിച്ചിൽ തടയാൻ നടപടി വേണം.
3. കായികപ്രേമികളായ നാട്ടുകാർക്ക് പ്രഭാത സവാരിക്കും പരിശീലനത്തിനും സൗകര്യം ഒരുക്കണം.
4 സാമൂഹ്യവിരുദ്ധശല്യം നിയന്ത്രിക്കാൻ പദ്ധതി ആവിഷ്കരിക്കണം.
9.25 കോടിയുടെ പദ്ധതി
ഫുട്ബാൾ മത്സരവും കായിക മത്സരങ്ങളും നടത്താൻ സജ്ജം
സിന്തറ്റിക് ട്രാക്ക് പണി അവസാനഘട്ടത്തിലേക്ക്
കേരളത്തിന്റെ കായിക സ്വപ്നങ്ങളുടെ ഒരു സാക്ഷാത്കാരമാണ് ശ്രീപാദം സ്റ്റേഡിയം. നിരവധി പേരുടെ ശ്രമഫലമായാണ് ഇത് ഇന്നത്തെ നിലയിൽ എത്തുന്നത്.
വി.ഷാജി, സ്റ്റേഡിയം കെയർടേക്കർ