sachi

തിരുവനന്തപുരം: സാമൂഹിക സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ 2020 ലെ ഐ.വി.ദാസ് പുരസ്കാരത്തിന് കവി സച്ചിദാനന്ദൻ അർഹനായി. മികച്ച നിരൂപണ സാഹിത്യകൃതിക്കുള്ള കടമ്മനിട്ട പുരസ്കാരം സുനിൽ പി. ഇളയിടത്തിനാണ്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ഏ​റ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്‌കാരം അഡ്വ. പി. അപ്പുക്കുട്ടന് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ലഭിക്കുക. അമ്പത് വർഷം പിന്നിട്ട ഏ​റ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ് പുരസ്‌കാരം എറണാകുളം മുളന്തുരുത്തി പബ്ലിക് ലൈബ്രറിക്കാണ്. 50,000 രൂപയും വെങ്കല ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി പുരസ്കാരം കോഴിക്കോട് ഉപാസന വായനശാലയ്ക്കാണ്. ഡി.സി ബുക്സ് ഏർപ്പെടുത്തിയ 50,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും ലഭിക്കും.വിവിധ വിഭാഗങ്ങളിലായി ലൈബ്രറി കൗൺസിൽ നൽകുന്ന 2020 ലെ മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.