ff

തിരുവനന്തപുരം: പ്രശസ്‌ത റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ദസ്‌തയേവ്സ്‌കിയുടെ ജീവിതത്തിലെ അത്യപൂർവ ചിത്രങ്ങൾ ഫോട്ടോപ്രദർശനത്തിലൂടെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി. ദസ്‌തയേവ്സ്‌കിയുടെ 200-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഫോട്ടോപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ദസ്‌തയേവ്സ്‌കിയുടെ ജീവിതത്തിലെ അമ്പതിലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ബാല്യം, കൗമാരം, യൗവനം, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ, കുടുംബം, സുഹൃത്തുക്കൾ, സമകാലികർ എന്നിവരുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ കൃതികളെപ്പറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 22ന് ആരംഭിച്ച പ്രദർശനം ഈ മാസം 30ന് സമാപിക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ലൈബ്രറി അങ്കണത്തിൽ പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പ്രദർശനം നടക്കുന്നത്.

ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പുസ്‌തക പ്രദർശനം, സെമിനാർ, പ്രഭാഷണ പരമ്പര, ചലച്ചിത്രമേള തുടങ്ങിയവയുമുണ്ട്. ആഘോഷങ്ങളുടെ ആദ്യഘട്ടമാണ് ഫോട്ടോപ്രദർശനം.